കോഴിക്കോട് വടകരയില്‍ ആറുമാസം മുമ്പ്  ഒമ്പതുവയസുകാരിയെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഇപ്പോഴും കാണാമറയത്ത്. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്‍റെ മകള്‍ ദൃഷാന അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.  അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി കൊല്ലപ്പെട്ടിരുന്നു. 

ഫെബ്രുവരി 17–ാം തിയതി  ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ അഞ്ചാം ക്ലാസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അമ്മൂമ്മ മരിച്ചിരുന്നു. ദൃഷാന ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയിലാണ്. ചോറോട് റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. 

അപകടത്തിനുശേഷം സിസിടിവി ക്യാമറങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവൊന്നും കിട്ടിയില്ല. ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും കാര്യമായി പുരോഗതിയുണ്ടായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കാര്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അപകട ഇന്‍ഷൂറന്‍സ് തുകയും ലഭിച്ചില്ല.  അപകടം നടന്ന് ആറുമാസം കഴിഞ്ഞിട്ടും വടകര പൊലീസിനോ ക്രൈംബ്രാഞ്ചിനോ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമസഹായം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം

ENGLISH SUMMARY:

Police yet to find the vehicle which caused 9 year old girl in coma for 6 months