മുകേഷിനെതിരായ കേസ് കടുത്താല്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കും. തല്ക്കാലം ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കാതിരിക്കാനാണ് മുകേഷിന്‍റെ രാജിവേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്ന് സിപിഎം വൃത്തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുകേഷ് നിരപരാധിയാണെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നില്ലെന്നും അതുകൊണ്ട് തന്നെയാണ് കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്നുമാണ് സിപിഎം നേതൃത്വം നല്‍കുന്ന സൂചന.
പാര്‍ട്ടിയാണോ , പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കാത്ത മുകേഷ് ആണോ പ്രധാനമെന്ന ചോദ്യമാണ് പാര്‍ട്ടിക്ക് മുന്‍പിലുള്ളത്. ലൈംഗികാരോപണം നേരിടുന്ന MLA മാര്‍ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത് മുകേഷിനെ സംരക്ഷിക്കാനല്ലെന്നാണ് സിപിഎം നേതൃത്വം സൂചിപ്പിക്കുന്നത്. മുകേഷിനോട് ഒരു തരത്തിലുള്ള മമതയും സിപിഎമ്മിനില്ല. ഒരു എം.എല്‍.എ രാജിവെച്ചാല്‍ ഒരു ഉപതിരഞ്ഞെടുപ്പ് വരുമെന്നും അതിലേക്ക് മണ്ഡലത്തെ കൊണ്ടുപോകേണ്ടതില്ല എന്നതുമാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനത്തിന് പിന്നിലെ കാരണം. അതുകൊണ്ട് മുകേഷ് രാജിവെയ്ക്കുക എന്നതില്‍ ഊന്നയായിരുന്നില്ല സംസ്ഥാന സമിതിയിലെ ചര്‍ച്ച. മറ്റ് ഒരു സ്ഥാനാര്‍ഥിയെ കിട്ടാതെ നിവര്‍ത്തിയില്ലാതെയാണ് കൊല്ലത്ത് എം മുകേഷിനെ മല്‍സരിപ്പിക്കേണ്ടി വന്നത്. രാജിവെച്ച് ഉപതിരഞ്ഞെടുപ്പിലേക്ക് പോയാല്‍ സിറ്റിങ് സീറ്റ് നഷ്ടമാകുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. കേസില്‍ മുകേഷിനോട് വിട്ടുവീഴ്ച വേണ്ടെന്ന് സര്‍ക്കാര്‍ തന്നെ അന്വേഷണ സംഘത്തോട് സൂചിപ്പിക്കും.
അതിനിടെ സിപിഎമ്മിന്‍റെ നിലവിലെ തീരുമാനത്തില്‍ കേന്ദ്രനേതൃത്വത്തില് കടുത്ത അതൃപ്തിയുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി നിലപാട് സ്വീകരിച്ച് എം.എല്‍.എ സ്ഥാനം രാജിവെയ്ക്കിപ്പികുകയാണ് പാര്‍ട്ടി ചെയ്യേണ്ടതെന്ന വികാരമാണ് ബൃന്ദകാരാട്ടിന്‍റെ ലേഖനത്തിലുണ്ടായിരുന്നത്. എന്നാല്‍ ബൃന്ദകാരാട്ടിനെ സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി തള്ളിയതില്‍ കടുത്ത വിജോജിപ്പ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍തന്നെയുണ്ട്. കേസ് കടുത്താല്‍ മുകേഷിന്‍റെ രാജി സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യപ്പെടാന്‍ തന്നെയാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ തീരുമാനം