mullaperiyar-dam

തമിഴ്നാടിന്‍റെ എതിര്‍പ്പ് തള്ളി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ അനുമതി. സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് വന്‍ നേട്ടമായാണ് തീരുമാനത്തെ വിലയിരുത്തുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ട അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധനയാണ് 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ജലക്കമ്മിഷന്‍ നിര്‍ദേശിച്ചത്. സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011ലാണ് ഇതിന് മുന്‍പ് വിശദ പരിശോധന നടത്തിയത്. 2021ലെ ഡാം സുരക്ഷ നിയമപ്രകാരം സുരക്ഷാപരിശോധന 2026ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കേന്ദ്ര ജല കമ്മിഷന്‍ തീരുമാനമെടുത്തത്. കേരളത്തിന്‍റെ നിലപാടിനുള്ള വിജയമെന്ന് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 

സ്വതന്ത്ര വിദഗ്ധന്മാര്‍ ഉള്‍പ്പെടുന്ന സമിതി, കേരളംകൂടി നിര്‍ദേശിക്കുന്ന അജന്‍ഡകൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷനല്‍ സുരക്ഷ എന്നിവ പരിശോധിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അടിയന്തര കര്‍മ പദ്ധതി പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ മേല്‍നോട്ട സമിതി തമിഴ്‌നാടിന് നിര്‍ദേശവും നല്‍കി.