ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ ഒഴിവാക്കിയത് ഭര്‍ത്താവ് വേണ്ടെന്ന് പറഞ്ഞതിനാലെന്ന് മൊഴി. കുഞ്ഞ് തന്റേതല്ലെന്ന് ആശയുടെ ഭര്‍ത്താവ് മനോജ് പറഞ്ഞെന്ന് പൊലീസ്. കുഞ്ഞിനെ അനാഥാലയത്തില്‍ കൊടുക്കുമെന്ന് രതീഷ് പറഞ്ഞെന്നും ആശയുടെ മൊഴി. ആശുപത്രിയില്‍ ആശയ്ക്ക് കൂട്ടിരുന്നത് ആണ്‍സുഹൃത്ത് രതീഷാണ്. കുഞ്ഞിനെ രതീഷ് വീട്ടിലേക്ക് കൊണ്ടുപോയത് സഞ്ചിയിലാക്കിയാണെന്നും ആശയുടെ മൊഴി.
ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ശുചിമുറിയില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. മൃതദേഹം കത്തിക്കാനും പദ്ധതിയിട്ടുവെന്നാണ് വെളിപ്പെടുത്തല്‍. അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം സ്വദേശി ആശാ മനോജ്, ആൺ സുഹൃത്ത് രതീഷ് എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും എതിരെ കൊലപാതക കുറ്റം ചുമത്തി. ഒന്നാം പ്രതി അമ്മ ആശയും രണ്ടാംപ്രതി ആൺ സുഹൃത്ത് രതീഷും ആണ്. രതീഷിന്‍റെ പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം
ഓഗസ്റ്റ് 26നാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ആൺ കുഞ്ഞിനെ പ്രസവിക്കുന്നത്. 30ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി പള്ളിപ്പുറത്തെ വീട്ടിലെത്തി. ഗർഭിണിയാണെന്ന് വിവരം യുവതി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും മറച്ചുവച്ചിരുന്നു. പ്രസവ വിവരമറിഞ്ഞ് ആശാ പ്രവർത്തകർ എത്തുമ്പോഴാണ് കുഞ്ഞിനെ കാണാനില്ല എന്ന വിവരം അറിയുന്നത്. വളർത്താൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ള ദമ്പതിമാര്‍ക്ക് വിറ്റു എന്നാണ് യുവതി ആദ്യം പറഞ്ഞത്.
തൃപ്പൂണിത്തുറയിലുള്ള കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറി എന്നായിരുന്നു മൊഴി. തുടർന്ന് പ്രദേശത്തെ ജനപ്രതിനിധികൾ പൊലീസിന് വിവരം കൈമാറി. ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്‍റെ അമ്മയെയും ആൺ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുഞ്ഞിനെ കൈമാറിയതായി പറഞ്ഞ തൃപ്പൂണിത്തറയിലെ ദമ്പതികളെ പറ്റി യാതൊരു വിവരവും പൊലീസ് അന്വേഷണത്തിൽ ലഭ്യമായില്ല.