മന്ത്രിസ്ഥാനത്തില്‍ നിന്ന് പിടിവിടാതെ എ.കെ. ശശീന്ദ്രന്‍. സ്ഥാനം മാറുമെന്ന ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ജില്ലാപ്രസിഡന്റുമാരുടെ പിന്തുണ തേടിയതോടെ ഇരുഭാഗത്തും നീക്കം സജീവമാണ്. എ.കെ.ശശീന്ദ്രന് വൈകാതെ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.
സ്ഥാനം മാറുമെന്ന് കരാറില്ലെന്നും, രാജി വയ്ക്കുന്നതിനെകുറിച്ച് പാര്‍ട്ടി ചിന്തിച്ചിട്ടില്ലെന്നുമൊക്കെ മന്ത്രി പറയുന്നുണ്ടെങ്കിലും, എന്‍സിപിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. പി.സി. ചാക്കോ വിളിച്ച ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുത്തത് ഒന്‍പതുപേര്‍. അതില്‍ ഒരാളൊഴികെ അവശേഷിച്ചവരെല്ലാം മന്ത്രി മാറ്റത്തെ അനുകൂലുച്ചു. അതോടെ തോമസ് കെ. തോമസിന് പുതുസ്ഥാനത്തെയ്ക്ക് വഴിതെളിഞ്ഞതായാണ് വിവരം. എന്‍സിപിയിലെ ചേരിപ്പോരില്‍ മുന്‍പൊക്കെ സിപിഎം ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പമായിരുന്നു. എന്നാന്‍ മന്ത്രി മാറ്റവിഷയത്തില്‍ ആ നിലപാട് പി.സി ചാക്കോ ഗതിമാറ്റിവിട്ടിട്ടുണ്ട്.
സ്ഥാനമാറ്റത്തിന് തടയിടാന്‍ ശശീന്ദ്രന്‍വിഭാഗത്തിലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ ശരദ്പവാറിനെ കഴിഞ്ഞയാഴ്ച്ച കണ്ടു. പിന്നാലെ പി.സി. ചാക്കോ ശരദ്പവാറിനെ മന്ത്രി മാറ്റത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. ഇക്കാര്യത്തില്‍ വ്യക്തമായൊരുത്തരം പറയാനാനോ, പ്രതികരിക്കാനോ സംസ്ഥാന പ്രസിഡന്റോ, തോമസ് കെ തോമസ് എംഎല്‍എയോ തയാറായിട്ടില്ല.