cm-adgp

സ്വര്‍ണക്കടത്ത് ഉള്‍പ്പടെ ഗുരുതര ആരോപണങ്ങള്‍ നേരിട്ട എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും സംരക്ഷിച്ച് മുഖ്യമന്ത്രി. അജിത് കുമാറിനെതിരായ അന്വേഷണത്തിന് പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം രൂപീകരിച്ചു. അജിത്കുമാറിനെയും പി.ശശിയെയും തല്‍സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തിന് തീരുമാനിച്ചത് മുഖ്യമന്ത്രി.

 

രാവിലെ പത്തരയ്ക്ക് പ്രഖ്യാപിച്ച നീതിയുക്തമായ അന്വേഷണം രാത്രി വൈകിട്ടായപ്പോളേക്കും പ്രഹസനസംഘമായി. ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലെ സംഘത്തില്‍ ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍, ഡി.ഐ.ജി തോംസണ്‍ ജോസ്, എസ്.പിമാരായ എസ്.മധുസൂദനന്‍, എ.ഷാനവാസ് എന്നിവരാണുള്ളത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

അന്വേഷണസംഘം പ്രഖ്യാപിച്ചതോടെ അജിത്കുമാറിനെയും പി.ശശിയേയും മാറ്റില്ലെന്ന് ഉറപ്പായി. അജിത്കുമാറിനെ മാറ്റിയാല്‍ പി.ശശിയേയും മാറ്റാന്‍ ആവശ്യം ഉയരും. അതിനാല്‍ കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ തെളിയും വരെ അജിത്കുമാറിനെ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന പ്രധാന പദവിയില്‍ ഇരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് നീതിയുക്തമാകുമോയെന്ന സംശയം ഉയരുന്നുണ്ട്. 

ഡി.ജി.പി ഒഴിച്ച് ബാക്കി നാല് പേരും അജിത്കുമാറിന്റെ ജൂനിയറും കീഴുദ്യോഗസ്ഥരുമാണ്. അതിനാല്‍ പി.വി.അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ ഗൗരവവും വിശ്വാസവും മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറിക്കും വിശ്വസ്തനായ എ.ഡി.ജി.പിക്കും നല്‍കിയെന്ന് ചുരുക്കം.‌

ENGLISH SUMMARY:

CM protects ADGP Ajithkumar and political secretary P. Sasi from the allegations.