പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ മുൻ മലപ്പുറം എസ്.പി.സുജിത്ത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം. സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. സുജിത്ദാസ് എസ്.പിയായിരിക്കെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളാണ് റജിസ്റ്റർ ചെയ്തത്. 

 

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് എസ് പി സുജിത് ദാസിനെതിരെ അന്വേഷണം നടത്തുക. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. സുജിതദാസ് എസ്പി ആയി ഇരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ കേസുകൾ മാസങ്ങൾക്ക് ശേഷമാണ് കസ്റ്റംസിന് കൈമാറിയത്. പിടികൂടിയ സ്വർണത്തിന്റെ അളവിലടക്കം വലിയ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇക്കാര്യങ്ങളിൽ ആഴത്തിലുള്ള പരിശോധന നടത്താനാണ് തീരുമാനം. വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തെത്തുന്ന സ്വര്‍ണം പോലീസിന് എങ്ങനെ പിടികൂടാന്‍ കഴിയുന്നെന്ന കാര്യവും പരിശോധിക്കും. 

 

സുജിത് ദാസിന്റെ കാലത്ത് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വീണ്ടും അന്വേഷിക്കുകയും അതില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ തൂക്കവും അളവും  പരിശോധിക്കും. ഈ സമയത്തു വിമാനത്താവളത്തിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വഷണം നടത്തും. എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വർണം കടത്താന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം.

ENGLISH SUMMARY:

Customs has started a preliminary investigation into the gold smuggling allegations against sujith das