സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ദുബായിലേക്ക് വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി. ശ്രേയ എന്ന യുവതിയാണ് തന്നെ ദുബായിലേക്ക് വിളിച്ചു വരുത്തിയതെന്നും ദുബായില്‍ എത്തിയ േശഷം സിനിമ സംഘം ഉണ്ടായിരുന്ന സ്ഥലത്തേക്ക് എത്തിച്ചുവെന്നും അവിടെ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ശ്രേയയാണ് കേസിലെ ഒന്നാം പ്രതി. നിര്‍മാത് എ. കെ സുനില്‍ രണ്ടാം പ്രതിയും നിവിന്‍ പോളി ആറാംപ്രതിയുമാണ്.  

ഊന്നുകല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും. പരാതി കൊടുത്തതിന് പ്രതികാരമായി നിവിന്‍പോളി തന്നെ ഭീഷണിപ്പെടുത്തിയെന്നും പി.ആര്‍ ടീമിനെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നും യുവതി പൊലീസില്‍ നല്‍കിയ മറ്റൊരു പരാതിയിലും പറയുന്നു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി ഊന്നുകല്‍ എസ്.എച്ച്.ഒയ്ക്ക് കഴിഞ്ഞമാസം യുവതി പരാതി നല്‍കിയിരുന്നു. 

അതേസമയം, യുവതി ഒരുമാസം മുന്‍പ് നല്‍കിയ പരാതിയില്‍ പീഡന ആരോപണമില്ല. നിവിന്‍പോളിയും കൂട്ടരും മര്‍ദിച്ചുവെന്നായിരുന്നു ഈ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആശുപത്രി രേഖകള്‍ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ല

ENGLISH SUMMARY:

Nivin Pauly sexually assaulted and threatened to kill me, alleges complainant