ബലാത്സംഗക്കേസിൽ കൊല്ലം എംഎൽഎ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നും വാദം കേൾക്കും. മുകേഷിനൊപ്പം മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതി പരിഗണിക്കുന്നുണ്ട്. മുകേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇന്നലെ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. മറ്റൊരു കേസിൽ മുൻകൂർ ജാമ്യം തേടിക്കൊണ്ടുള്ള നടൻ സിദ്ദിഖിന്റെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിജീവിതയായ നടിയുടെ പരാതിയിൽ പീഡനക്കേസിലും സ്ത്രീത്വത്തെ അപമാനിച്ച കേസിലും പ്രതികളായ നടൻ എം.മുകേഷ് എംഎൽഎ, അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രാഥമിക വാദം കേട്ടു. ഇതേ അതിജീവിതയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതിയിലെത്തിയതോടെ നാലു ഹർജികളും ഇന്ന് ഒരുമിച്ചു പരിഗണിക്കാൻ മാറ്റി. മുകേഷിന്റെയും ചന്ദ്രശേഖരന്റെയും അറസ്റ്റ് ഇന്നുവരെ കോടതി തടഞ്ഞിട്ടുണ്ട്. ഇതിൽ മണിയൻപിള്ള രാജു ഒഴികെ മൂന്നുപേർക്കും എതിരെ പീഡനക്കുറ്റത്തിനാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടവേള ബാബു ഒഴികെയുള്ളവരുടെ ഹർജികളിൽ കോടതി ഇന്നലെ രണ്ടു മണിക്കൂർ വാദം കേട്ട ശേഷമാണു നാലു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ ഇന്നത്തേക്കു മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി. കൃഷ്ണൻ ഹാജരായി.
അതിജീവിതയ്ക്ക് അടുത്തകാലം വരെ നടൻ മുകേഷുമായുണ്ടായിരുന്ന സൗഹൃദം തെളിയിക്കാനുള്ള ഡിജിറ്റൽ രേഖകളാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോപോൾ കോടതിക്കു കൈമാറിയത്. സമാന സ്വഭാവമുള്ള പരാതികൾ വർഷങ്ങൾക്കു മുൻപു തന്നെ ഇതേ പരാതിക്കാരി പലർക്കുമെതിരെ ഉന്നയിച്ചതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനു പ്രതിയായ മണിയൻപിള്ള രാജു കുറ്റകൃത്യം ചെയ്തതായി പറയുന്ന കാലത്തു ഈ കുറ്റം പൊലീസിനു ജാമ്യം നൽകാൻ കഴിയുന്ന കുറ്റകൃത്യമായിരുന്നെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു പ്രതിഭാഗം പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു ഹർജികൾ പരിഗണിക്കുന്നത്. പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നതിനാൽ കേസിൽ അടച്ചിട്ട കോടതി മുറിയിലാണു വാദം നടക്കുന്നത്.