കേരളത്തില്‍ ആദ്യമായി ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ്. ചിറ്റൂര്‍ ജോയിന്റ് ആര്‍.ടി.ഒ ബൃന്ദ സനിലാണ് വളയം പിടിക്കുന്നവരുടെ ശ്രദ്ധ അളക്കാന്‍ മുന്‍സീറ്റിലിരുന്ന് മാര്‍ക്കിടുന്നത്. പുരുഷ കേസരിമാര്‍ അലങ്കരിച്ചിരുന്ന പദവിയില്‍ മികവോെട ഇടപെട്ട് കയ്യടി നേടുകയാണ് ബൃന്ദ സനില്‍.
വളയം പിടിക്കാന്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും മിടുക്കരെന്ന് പണ്ടേ തെളിഞ്ഞതാണ്. പലരും അതിശയിപ്പിക്കുന്ന മട്ടില്‍ വാഹനമോടിച്ച് നീങ്ങുന്നതും കാഴ്ച. എന്നാല്‍ ഇങ്ങനെ വാഹനമോടിക്കാന്‍ ഇവര്‍ പ്രാപ്തരാണോ എന്ന് പരിശോധിക്കാന്‍ ഒരു വനിതാ ഉദ്യോഗസ്ഥ തന്നെ വന്നാലോ. അവിടെയാണ് ചിറ്റൂര്‍ ജോയിന്റ് ആര്‍.ടി.ഒ ബൃന്ദ സനില്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ആദ്യ യാത്രയില്‍ത്തന്നെ ഒട്ടും പേടിപ്പെടുത്തലില്ലാതെ ഗതാഗത നിയമയങ്ങളുടെ പാഠവും നിര്‍ദേശവും ഒരുപോലെ നല്‍കി ഡ്രൈവര്‍മാര്‍ക്കൊപ്പം.
പി.എസ്.സി പരീക്ഷകളുടെ ഭാഗമായി ഇത്തരം ടെസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഹെവി വെഹിക്കിള്‍ ലൈസന്‍സ് ടെസ്റ്റ് നടത്തുന്നത് ആദ്യമെന്ന് ബൃന്ദ സനില്‍ പറഞ്ഞു. തിരുവനന്തപുരം ട്രാഫിക് കണ്‍ട്രോള്‍ റൂം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ബൃന്ദ സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് ചിറ്റൂരില്‍ ജോയിന്റ് ആര്‍.ടി.ഒയായി ചുമതലയേറ്റത്.