hridhyam-project-02

ആശുപത്രികൾ പിന്മാറുന്നതോടെ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ഹൃദ്യത്തിന് താളം തെറ്റുന്നു. വടക്കൻ കേരളത്തിലെ ഏക ആശ്രയമായിരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി പദ്ധതിയിൽ നിന്ന് പിന്മാറിയതോടെ കുട്ടികളും രക്ഷിതാക്കളും കടുത്ത പ്രതിസന്ധിയിലാണ്..

 

ഹൃദ്യോഗിയായ വയനാട്ടിലെ ഈ മൂന്നു വയസുകാരിക്ക് സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതിയായിരുന്നു ആശ്രയം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിൽസ. സർക്കാർ ഫണ്ട് മുടങ്ങി പദ്ധതിയിൽ നിന്ന് ആശുപത്രി പിന്മാറിയതോടെ ഇനി എറണാകുളം ജില്ലയിലെ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയായി. രോഗിയായ കുട്ടിയെ കൊണ്ട് ചുരമിറങ്ങി മണികൂറുകൾ താണ്ടണം.

ഈ കുഞ്ഞിനു മാത്രമല്ല, മലബാറിലെ നൂറു കണക്കിന് കുട്ടികൾക്കും ഇതാണവസ്ഥ. പദ്ധതിയിൽ വടക്കന്‍ ജില്ലകളില്‍ ആകെ എംപാനൽ ചെയ്തത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മാത്രമായിരുന്നു. സർക്കാർ സഹായം നിലച്ചതോടെ ഏപ്രിലിൽ ആശുപത്രി പദ്ധതി നിർത്തി വെച്ചു. ഇതോടെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് കടുത്ത വെല്ലുവിളിയായി.