ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ സ്വയം സമ്മതിച്ചതോടെ കടുത്ത പ്രതിരോധത്തിലായി സിപിഎം. കൂടിക്കാഴ്ചയെ നിസ്സാരവൽക്കരിച്ച് ഒഴിഞ്ഞുമാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി ശ്രമിച്ചെങ്കിലും ദുരൂഹം എന്നു പറഞ്ഞു സിപിഐ തുറന്നടിച്ചു. സ്വകാര്യ സന്ദർശനങ്ങളിൽ തെറ്റില്ലെന്ന് വാദിക്കാൻ ശ്രമിച്ചാലും ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ പി ജയരാജനെ കൈവിട്ട സിപിഎമ്മിന് എഡിജിപിയെ സംരക്ഷിക്കുക ബുദ്ധിമുട്ടാകും.
ആർഎസ്എസ് ജനറൽ സെക്രട്ടറി കൂടിക്കാഴ്ച മറച്ചുവെച്ചിരുന്ന സിപിഎം അത് പുറത്തു വന്നതോടെ മറുപടി പറയാതെ മൗനം തുടരുകയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കൂടിക്കാഴ്ച നിഷേധിക്കാതെ പ്രതികരിച്ച സിപിഎം, ഒടുവിൽ എഡിജിപി തന്നെ സമ്മതിച്ചതോടെ വെട്ടിലായി. സമാനമായ ആരോപണത്തിൽ ഇ പി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയ സിപിഎം പക്ഷേ കൂടിക്കാഴ്ചയെ നിസ്സാരവൽക്കരിക്കുകയാണ്. എഡിജിപി എവിടെപ്പോയാലും ഞങ്ങൾക്ക് എന്ത് ഉത്തരവാദിത്വം എന്നാണ് എം വി ഗോവിന്ദൻ ചോദിച്ചത്.
എന്നാൽ ക്രമസമാധാനം ചുമതലയുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയെ അത്തരത്തിൽ നിസ്സാരവൽക്കരിക്കാൻ സിപിഐ തയ്യാറല്ല. കൂടിക്കാഴ്ച ദുരൂഹം തന്നെയെന്ന് ബിനോയ് വിശ്വം. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയത് ആർഎസ്എസ് എന്ന ആദ്യം മുതൽ പറയുന്ന വിഎസ് സുനിൽകുമാറും എഡിജിപിയെ വിടാൻ തയ്യാറല്ല. എഡിജിപിക്കെതിരെ നടപടി വേണമെന്ന് പന്നി രവീന്ദ്രൻ തുറന്നു പറഞ്ഞു.
എഡിജിപി സിപിഎമ്മുകാരൻ അല്ലെന്ന് പറഞ്ഞു കയ്യൊഴുകുകയാണ് എംബി രാജേഷ്.
ഘടകകക്ഷി കൂടി പരസ്യവിമർശനത്തിന് മുതിർന്നതോടെ എഡിജിപിയെ സംരക്ഷിക്കാൻ സിപിഎമ്മിന് ആവില്ല. കൂടിക്കാഴ്ച നിയമപരമായി തെറ്റില്ലെങ്കിലും, അത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന് പ്രതിപക്ഷ ആരോപണത്തെ തടയിടുക സിപിഎമ്മിന് ബുദ്ധിമുട്ടാകും.