സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഓണചന്തയിലാണ് പഞ്ചസാരയും അരിയുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നത്. ഹോള്‍സെയില്‍ വിപണിയിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി സപ്ലൈകോ വിലകൂട്ടിയതിനെ ന്യായീകരിക്കുമ്പോഴാണ് അതേ ഹോള്‍സെയില്‍ വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കണ്‍സ്യൂമര്‍ഫെഡ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്.
മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്ത കണ്‍സ്യൂമര്‍ ഫെഡ് ഓണചന്തയിലെ വില നിലവാരമാണിത്. പഞ്ചസാര കിലോയ്ക്ക് 27 രൂപ. കുറുവ അരി 30 രൂപ. തുവര പരിപ്പ് 111 രൂപ. ഇതേ സാധനങ്ങള്‍ക്ക് സപ്ലൈകോയിലെ ഓണച്ചന്തകളില്‍ ഉള്‍പ്പെടെ വില ഇതാണ്. പഞ്ചസാര 33 രൂപ, കുറുവ അരി 33 രൂപ, തുവര പരിപ്പ് 115 രൂപ. അതായത് സപ്ലൈകോ വില കൂട്ടിയ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പഴയ സബ്സിഡി വിലക്കാണ് കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ വില്‍ക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് സബ്സിഡി കൈപ്പറ്റുന്ന സ്ഥാപനമാണ് സപ്ലൈകോ. കണ്‍സ്യൂമര്‍ഫെഡിനാകട്ടെ ഓണക്കാലത്ത് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. സപ്ലൈകോയെ പോലെ തന്നെ ഈ ടെന്‍ഡര്‍ വഴി പൊതുവിപണിയില്‍ നിന്നാണ് കണ്‍സ്യൂമര്‍ഫെഡും സാധനങ്ങള്‍ വാങ്ങുന്നത്. അതിനാല്‍ ഹോള്‍സെയില്‍ പൊതുവിപണിയിലെ വിലക്കയറ്റമാണ് വില കൂട്ടാന്‍ കാരണമെന്ന സപ്ലൈകോ വാദമാണ് പൊളിയുന്നത്.