pocso-case

TOPICS COVERED

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിലെടുത്ത ' കേസുകളിൽ നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവ് കടലാസിൽ ഒതുങ്ങുന്നു. നഷ്ടപരിഹാരം നൽകാൻ ഉത്തരവിറങ്ങി വർഷങ്ങളായിട്ടും ഭൂരിഭാഗം അതിജീവികൾക്കും ഇതുവരെ ലഭിച്ചിട്ടില്ല. കോടികളാണ് ഇത്തരത്തിൽ കുടിശ്ശികയായി കിടക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

 

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് തിരുവനന്തപുരം പോക്സോ കോടതി മരണംവരെ തടവും, 1.9 ലക്ഷം പിഴയും വിധിച്ചത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. പിഴയിൽ ഒന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധിക്കുന്ന നഷ്ടപരിഹാരം കടലാസിൽ മാത്രം ഒതുങ്ങുന്നു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ മാത്രം കണക്ക് എടുക്കുമ്പോൾ കോടികളാണ് ഇത്തരത്തിൽ നഷ്ടപരിഹാരം കുടിശികയായി കിടക്കുന്നത്.

2016 മുതൽ തിരുവനന്തപുരം ജില്ലയിൽ ഒരു കോടി 62 ലക്ഷം രൂപയാണ് അതിജീവിതകൾക്ക് നഷ്ടപരിഹാരമായി നൽകിയത്. എന്നാൽ 65 പേർക്കായി നാല് കോടി അഞ്ച് ലക്ഷത്തി അൻപതിനായിരം രൂപ ഇനിയും കുടിശികയാണ്. നഷ്ടപരിഹാരം കൈമാറേണ്ട ജില്ല ലീഗൽ സർവീസസ് അതോറിറ്റിക്ക് സർക്കാർ ഇനിയും നൽകാനുള്ളത് രണ്ട് കോടി പത്ത് ലക്ഷത്തിലേറെ. എറണാകുളം ജില്ലയിൽ നഷ്ടപരിഹാരമായി നൽകാറുള്ളത് 88 ലക്ഷത്തിലേറെ രൂപയാണ്. പ്രതികൾ അടക്കേണ്ട പിഴത്തുകയുടെ കാര്യത്തിലും പ്രശ്നങ്ങൾ ഉണ്ട്. 2016 മുതൽ എറണാകുളം ജില്ലയിൽ മാത്രം പ്രതികൾ അടക്കേണ്ട പിഴ ഇരുപത്തിയാറ് ലക്ഷത്തി എഴുപത്താറായിരം രൂപയാണെങ്കിലും ഇതുവരെ ആരും അത് അടച്ചിട്ടില്ലെന്നും രേഖകൾ പറയുന്നു

ENGLISH SUMMARY:

The court order to pay compensation in cases of violence against women and children is limited to paper