ഇല്ലായ്മകളും വല്ലായ്മകളും മറന്ന് ഓണ നാളുകളിൽ കേരള ജനതയെ ഖാദി ഉടുപ്പിക്കാനുള്ള തിരക്കിലാണ് ഖാദി തൊഴിലാളികൾ. വർണ്ണ കരയോടെ സെറ്റും മുണ്ടും ഷർട്ടുകളും ഖാദി നെയ്ത്ത് ശാലകളിൽ തറികളുടെ താളത്തിൽ ഇഴചേരുകയാണ്. വൈക്കം ഉദയനാപുരത്തെ നെയ്തുശാലകളിലെ ഖാദി വിശേഷങ്ങൾ കാണാം. ഓണക്കാലമടുത്തതോടെ ഉദയനാപുരം ഖാദിനെയ്ത്ത് ശാലയിലെ തറികളുടെ താളം പകൽ മുഴുവൻ നീളും
പാരമ്പര്യവും പുതു പുത്തൻ ഫാഷനും ഒരുപോലെ ഇഴ ചേരുമ്പോഴാണ് ഉദയനാപുരത്തെ ഖാദി വസ്ത്രങ്ങൾക്ക് ഭംഗിക്കൂടുന്നത്. കോട്ടയം ജില്ലയിലെ പതിനാറ് ഖാദി സെന്‍ററുകളിലായി മൂവായിരം സെറ്റ് മുണ്ടുകളുടെ ഓർഡറാണ് ഓണത്തിന്‍റേതായി ഇതുവരെയുള്ളത്. ഒരു സെറ്റ് നെയ്തെടുക്കാൻ മൂന്ന് ദിവസങ്ങൾ വേണം ഇഴപൊട്ടുന്ന നൂലുകൾകൂട്ടി ചേർത്ത് ഇഴ പാകുന്ന പോലെ ജീവിതത്തിന്‍റെ ഇഴ പാകാൻ കഴിയാതാക്കിയിരിക്കുകയാണ് സർക്കാരെന്ന പരാതിയുമുണ്ട് ഇവർക്ക്.
പതിനഞ്ച് മാസത്തെ മിനിമം വേജസ്, പതിമൂന്ന് മാസത്തെ ഇൻസൻറ്റീവ് ഇങ്ങനെ ഒരാൾക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപയാണ് സർക്കാർ നൽകാനുള്ളത്. ഓണത്തിന് മുമ്പെങ്കിലും സർക്കാർ കനിയുമെന്ന പ്രതീക്ഷ കാത്തുവച്ച മനസ്സുമായി ഇവർ നെയ്തെടുക്കുന്ന ഓണക്കോടികളാവും ഖാദി വിപണനത്തിനായി എത്തുക