നമസ്തേ വിജയൻജി എന്ന ക്യാപ്ഷനോടെ, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 2014ല്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.  ബിജെപിക്ക് മുന്നില്‍ വിനീതദാസനായി നില്‍ക്കുന്ന രമേശ് ചെന്നിത്തല എന്ന ആഭ്യന്തര മന്ത്രി സംസ്ഥാനത്തിന് അപമാനം എന്നാണ് പിണറായി വിജയന്‍ അന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

കേരളാപൊലീസില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ എം.ആര്‍.അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതൃത്വവുമായി പലവട്ടം രഹസ്യചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലാണ് പഴയ പോസ്റ്റ് കുത്തിപ്പൊക്കി അബിന്‍ വര്‍ക്കി രംഗത്തെത്തിയത്.  എഡിജിപി എം.ആര്‍. അജിത് കുമാറും, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നിട്ടും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്.

ഈ വിഷയത്തില്‍, സിപിഐ നിലപാട് കടുപ്പിച്ചതിന് പിന്നാലെ സിപിഎമ്മിനുള്ളിലും ആവശ്യം ശക്തമാവുകയാണ്. ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ പേരിൽ ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം. 

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുമ്പോൾ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് ശരിയല്ലന്ന നിലപാടിൽ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഉറച്ച് നിൽക്കുകയാണ്. ആദ്യം അജിത് കുമാറിന് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രി ഇപ്പോൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആര്‍എസ്എസ് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്. 

ENGLISH SUMMARY:

Abin Varkey Kodiyattu facebook post about pinarayi vijayan