തലസ്ഥാനത്ത് ഒരിറ്റ് വെള്ളം കിട്ടാതെ നാല് ദിവസമായി ലക്ഷക്കണക്കിന് ആളുകൾ വലയുമ്പോൾ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു പൊലീസ്. കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഒഴിഞ്ഞ കുടവുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ജലപീരങ്കിയിൽ നിന്ന് ചീറ്റിയ വെള്ളം പ്രവർത്തകർ ഒഴിഞ്ഞ കുടങ്ങളിൽ പിടിച്ചത് സമരമുഖത്തെ പുതിയ കാഴ്ചയായി. അതേസമയം പൈപ്പ്ലൈനിലെ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്. ഉടൻ പമ്പിൽ തുടങ്ങും എന്നാണ് ജല അതോറിറ്റി പറയുന്നത്.
തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് നാലാംനാളും പരിഹാരമായില്ല. ഇന്ന് വൈകിട്ടോടെ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ്റെ ഉറപ്പു പാഴ് വാക്കായി. വൈകിട്ടോടെ പമ്പിങ് തുടങ്ങും എന്നാണ് മന്ത്രി രാവിലെ പറഞ്ഞത്. എന്നാൽ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിൽ എത്തിയപ്പോൾ പൈപ്പ് ലൈനിലെ അലൈൻമെൻ്റിൽ വ്യത്യാസം കണ്ടെത്തി.
ഇത് പൂർത്തിയാക്കാൻ ഒരുമണിക്കൂർ കൂടി എടുക്കും. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ കുടിവെള്ളം മുട്ടിയത് നഗരത്തിലെ അഞ്ചുലക്ഷം പേര്‍ക്കാണ്.