tp-ramakrishnan11

എ.ഡി.ജി.പി അജിത് കുമാറിനെതിരായ പരാതികള്‍ ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമക‍ൃഷ്ണന്‍. എന്തിനാണ് എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയത് എന്നറിയണം. 

 

തെറ്റ് കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി തന്നെയുണ്ടാകും. കുറച്ച് വെയ്റ്റ് ചെയ്യൂ, ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. കൂടുതല്‍ അറിയണമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ടിപി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തനം’

എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ ഉടന്‍ നടപടിയില്ല. ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ച ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി എല്‍.ഡി.എഫിന്റെ നിര്‍ണായക യോഗത്തില്‍ വ്യക്തമാക്കി. 

അതേസമയം, എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു. മുന്നണിയോഗത്തിന് മുന്‍പ് നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. ബിനോയ് വിശ്വവും എം.വി.ഗോവിന്ദനും എ.കെ.ജി, സെന്ററില്‍ ചര്‍ച്ച നടത്തി. എഡിജിപിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആര്‍ജെഡി യോഗത്തിന് മുന്നോടിയായി ആവശ്യപ്പെട്ടു.അജിത് കുമാര്‍ തുടരുന്നത് മതേതര സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്ന് എല്‍ഡിഎഫ് യോഗത്തിനെത്തിയ വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു. ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ച ഗുരുതരമെന്നും നിലപാട് യോഗത്തില്‍ പറയുമെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ വ്യക്തമാക്കി. നേരത്തെ സര്‍ക്കാരിന് നാണക്കോടായ വിഷയം മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ഉള്‍പ്പടെ ആരും ഉന്നയിച്ചില്ല. 

ENGLISH SUMMARY:

Strict action if ADGP done any mistake;says TP