vishnujith-03

വിവാഹത്തിന് തൊട്ടു മുന്‍പ് കാണാതായ പ്രതിശ്രുതവരൻ മലപ്പുറം മങ്കട പളളിപ്പുറത്തെ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നു കണ്ടെത്തി നാട്ടിലെത്തിച്ചു. കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെ ആറു ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്താനായത്. വിവാഹച്ചെലവിനുളള സാമ്പത്തിക പ്രതിസന്ധിയാണ് അപ്രത്യക്ഷനാകാന്‍ കാരണമെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. 

 

കഴിഞ്ഞ ആറു ദിവസങ്ങൾ ആധിയോടെയാണ് ഈ അമ്മ തള്ളിനീക്കിയത്. മറ്റൊരാളുടെ ഫോണില്‍ നിന്ന്  വിഷ്ണുജിത്ത് വീട്ടിലേക്ക് വിളിച്ചതോടെയാണ് ഊട്ടിയില്‍ നിന്ന് പൊലീസ് കയ്യോടെ കണ്ടെത്തിയത്. ഇന്നലെ കൂനൂരിലെ മൊബൈൽ ടവർ ലൊക്കേഷനാണ് ലഭിച്ചിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരം ഊട്ടിയിലെത്തിയ പൊലീസ് സംഘം തമിഴ്നാട് പൊലീസിന്‍റെ കൂടി സഹായത്തോടെയാണ് കണ്ടെത്തിയത്. കേസിന്റെ ഓരോ ഘട്ടത്തിലും പൊലീസ് കൃത്യമായ വിവരങ്ങൾ കുടുംബത്തെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹചിലവുകള്‍ക്ക് ആവശ്യമായ പണം സുഹൃത്തിന്‍റെ കയ്യില്‍ നിന്നു കടം വാങ്ങാനാണ് പാലക്കാട് കഞ്ചിക്കോടിന് തിരിച്ചത്.  കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ പതിനായിരം രൂപ വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. പിന്നാലെ കഞ്ചിക്കോട് നിന്ന് അപ്രത്യക്ഷനായതിനൊപ്പം മൊബൈല്‍ഫോണും സ്വിച്ച് ഒാഫായി. തിങ്കളാഴ്ച വൈകിട്ട് കൂനൂരില്‍ വച്ച് ഫോണ്‍ വീണ്ടും ഒാണാക്കിയതോടെയാണ് പൊലീസിന് ലൊക്കേഷന്‍ ലഭിച്ചത്. കടം വാങ്ങിയ 50000 രൂപ നഷ്ടമായതോടെ വിവാഹം നടത്താന്‍ പണമില്ലാതായി. ഇതോടെയാണ് നാടുവിട്ടു പോകാന്‍ തീരുമാനിച്ചതെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Malappuram Vishnujith missing case police found him from ooty updates