image: ANI

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി സഹകരിച്ച് മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചപ്പെടണമെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനാലും റിപ്പോര്‍ട്ടിന്‍മേല്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതിനാലും മൊഴി നല്‍കിയവരുടെ സ്വകാര്യത നഷ്ടമായേക്കാമെന്ന ആശങ്ക ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കാാന്‍ തീരുമാനിച്ചത് . ആശങ്കകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും അവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഒപ്പമുണ്ടാകുമെന്നുമുള്ള ഉറപ്പ് മുഖ്യമന്ത്രി നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചയെ കുറിച്ച് രേവതിയുടെ വാക്കുകള്‍ ഇങ്ങനെ.. 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമുള്ള സംഭവങ്ങളില്‍ ഞങ്ങളുടെ ആശങ്ക അറിയിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു പഠനമായതിനാലാണ് അതില്‍ മൊഴി നല്‍കിയത്. എന്നാല്‍ തുടര്‍നടപടികളുടെ സാഹചര്യത്തില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യതയെ കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്. അവര്‍ പറഞ്ഞ കാര്യങ്ങള്‍, അവരുടെ പേരുകള്‍ ഇവ പുറത്തുവരാന്‍ പാടില്ല.

ഇങ്ങനെയുള്ള കാര്യങ്ങളില്‍ വേട്ടക്കാര്‍ 'ഇല്ല, ഞാന്‍ ചെയ്തില്ല' എന്ന് പറഞ്ഞ് കോടതിയിലും മറ്റും പോകുന്നു. ഇരകള്‍ സ്വാഭാവികമായും വല്ലാത്ത മാനസികാവസ്ഥയിലാകും. സംസാരിച്ച് സംസാരിച്ച് എത്ര സംസാരിക്കാന്‍ പറ്റുമെന്ന അവസ്ഥയിലാകും. മൊഴി നല്‍കിയവര്‍ സുരക്ഷിതരായിരിക്കണം. അതിന് വേണ്ടി മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്. അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം, അതാണ് ഏറ്റവും വലിയ ഉത്കണ്ഠ.

ഈ യാത്ര സിഎമ്മിന്‍റെ അടുത്താണല്ലോ തുടങ്ങിയത്. അതുകൊണ്ട് അദ്ദേഹത്തോട് പറയണമെന്ന് ഞങ്ങള്‍ വിചാരിച്ചു, പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ ഒന്നും പറയാനും കഴിയില്ല'. ആവശ്യങ്ങളറിയിച്ചപ്പോള്‍ നോക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും രേവതി മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Privacy of those who gave statements to Hema Committee should be protected demands Revathi. Revathi on WCC's meeting with CM Pinarayi Vijayan.