ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് അഞ്ചുമാസമായിട്ടും തിരഞ്ഞെടുപ്പ് ജോലി ചെയ്ത വിഡിയോഗ്രഫര്‍മാര്‍ക്ക് വേതനം കൊടുക്കാതെ ഉദ്യോഗസ്ഥര്‍ വട്ടംകറക്കുന്നു. കൊല്ലം ജില്ലയില്‍ മാത്രം മുന്നൂറിലധികം വിഡിയോഗ്രഫര്‍മാര്‍ക്കാണ് പണം ലഭിക്കാനുളളത്. തിരുവോണത്തിന് മുന്‍പെങ്കിലും പണം അനുവദിക്കണമെന്നാണ് ആവശ്യം
പലവട്ടം പരാതിപറഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും വേതനം നല്‍കാതെ അന്യായമായി ചില ഉദ്യോഗസ്ഥര്‍ വട്ടംകറക്കുകയാണെന്നാണ് വിഡിയോഗ്രഫര്‍മാര്‍ പറയുന്നത്. കാമറ വാടകയ്ക്ക് എടുത്ത് രാവും പകലുമില്ലാതെ ജോലി ചെയ്തിട്ടും ഒാണമായിട്ടുംപോലും ജോലിക്ക് കൂലി തരുന്നില്ല. സിഡിറ്റും വിഡിയോഗ്രഫര്‍മാരും തമ്മിലായിരുന്നു തിരഞ്ഞെടുപ്പ് ജോലി ചെയ്യാനുളള കരാര്‍. കൊല്ലം ജില്ലയില്‍ മാത്രം മുന്നൂറിലധികം വിഡിയോഗ്രഫര്‍മാര്‍ക്ക് പണം ലഭിക്കാനുണ്ട്. എട്ടു മണിക്കൂര്‍, പന്ത്രണ്ടു മണിക്കൂര്‍, ഇരുപത്തിനാലു മണിക്കൂര്‍ ഇങ്ങനെയായിരുന്നു ജോലി സമയം.
തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പണം അനുവദിച്ചില്ലെന്നാണ് പറഞ്ഞ് സിഡിറ്റ് കൈയൊഴിഞ്ഞു. ഓരോരുത്തര്‍ക്കും ശരാശരി അമ്പതിനായിരം രൂപ വീതം ലഭിക്കാനുണ്ട്. തിരുവോണത്തിന് മുന്‍പെങ്കിലും വേതനം നല്‍കണമെന്നാണ് ആവശ്യം.