ശ്രുതിയെ തനിച്ചാക്കി ജെൻസൻ തിരിച്ചു വരാത്ത ദൂരത്തേക്ക് മടങ്ങി. ഉള്ള് പിടയുന്ന വേദനയോടെയും പ്രാർഥനയോടെയും ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. ശ്രുതിയെ അവസാനമായി കാണിച്ച ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. നൂറുകണക്കിനാളാണ് ജെൻസന്റെ നാടായ ആണ്ടൂരിലെത്തിയത്. ചലനമറ്റ ജെൻസനെ കണ്ട് എല്ലാവരുടെയും ഉള്ള് പിടഞ്ഞു. മുമ്പ് ഒരു തവണ പോലും കണ്ടിട്ടില്ലാത്തവർ, കണ്ട് പരിചയം പോലുമില്ലാത്തവർ. എല്ലാവരും തേങ്ങി
ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കൊണ്ടുപോയത് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ്. ചികിൽസയിൽ തുടരുന്ന ശ്രുതിയെ കാണിക്കാൻ. കരയാൻ പോലും പറ്റാതെ, ജെൻസന്റെ കൈ പിടിച്ച് ചേർന്നു നിന്നു ശ്രുതി.. ജീവിതത്തിൽ ഒന്നിക്കാൻ പറ്റാതെ പോയ ഇരുവരുടെയും ഒന്നിച്ചുള്ള അവസാന നിമിഷം.. ആണ്ടൂർ ഓഡിറ്റോറിയത്തിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോയി. പ്രിയപ്പെട്ട മകനെ നഷ്ടമായ മാതാപിതാക്കളുടെ മുമ്പിലേക്ക്. ഓണത്തിനു ശേഷം വിവാഹ പന്തലുയരേണ്ട ആ വീട്ടിലേക്ക്. മതപരമായ ചടങ്ങുകൾക്ക് ശേഷം നാലരയോടെ ജെൻസനെ മണ്ണിലേക്ക് വെച്ചു. മരിക്കുന്നത് വരെ ശ്രുതിക്കൊപ്പമുണ്ടാകുമെന്ന വാക്ക് പാലിച്ചാണ് മടക്കം. ശ്രുതി ഒറ്റക്കല്ല ഇനി, ചേർത്ത് പിടിക്കാൻ നമ്മളൊക്കെയുണ്ട്. ഉരുൾപൊട്ടൽ മഹാ ദുരന്തത്തെ അതിജീവിച്ച ശ്രുതി ഈ നോവിനേയും അതിജീവിക്കട്ടേ.