ഓണമെത്തിയതോടെ ഭരണസിരാകേന്ദ്രത്തിലും ഇത് വിളവെടുപ്പ് കാലം. ആയിരം കിലോ പച്ചക്കറികളുടെ വിളവെടുപ്പിന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കമിട്ടത്. ഓണത്തിന് രുചിക്കൂട്ടൊരുക്കാന്‍ ഇത്തവണ വിഐപി പച്ചക്കറികളുമുണ്ട്.
സാധാരണ വെണ്ടയ്ക്കയും വഴുതനയും തക്കാളിയുമൊക്കെയാണ് വിളഞ്ഞുനില്‍ക്കുന്നതെങ്കിലും അത് വിളഞ്ഞ സ്ഥലമാണ് വിഐപി പരിവേഷം നല്കുന്നത്. സെക്രട്ടേറിയറ്റിനു മുമ്പിലെ ഒന്നരയേക്കറിലെ വിളവെടുപ്പിന് വിളഞ്ഞു നിന്ന വഴുതനങ്ങ ഇറുത്തെടുത്ത് മുഖ്യമന്ത്രി തന്നെ തുടക്കമിട്ടു.
തൊട്ടടുത്തു തന്നെ ആയിരത്തി ഇരുന്നൂറു ചെണ്ടു മല്ലികളും പൂത്തുലഞ്ഞ് നില്‍പ്പുണ്ട്. കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് സെക്രട്ടേറിയറ്റിനു മുമ്പില്‍ പച്ചക്കറി തൈകളും ചെണ്ടുമല്ലിയും നട്ടത്. വിളവെടുക്കുന്ന പച്ചക്കറികളേക്കുറിച്ച് ജീവനക്കാരുടെ വാട്സാപ് കൂട്ടായ്മയായ ഗ്രീന്‍ ലീഫിലൂടെ അറിയിക്കും. ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ പച്ചക്കറികള്‍ ലഭ്യമാക്കും.