jenson-funeral

വയനാട്ടില്‍ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ജെന്‍സന് നാടിന്‍റെ വിട. മൃതദേഹം ആണ്ടൂര്‍ പള്ളിയില്‍ എത്തിച്ചു.  ആണ്ടൂരിലെ വീട്ടില്‍ വികാരനിര്‍ഭര വിട വാങ്ങലിനാണ് സാക്ഷ്യം വഹിച്ചത്.  ഹൃദയംനുറുങ്ങി മാതാപിതാക്കള്‍ അലമുറയിട്ടു കരഞ്ഞു.  

 

ജീവനറ്റ പ്രിയപ്പെട്ടവന്റെ ഭൗതികശരീരം ഒരുനോക്കുകാണാന്‍ ശ്രുതിയെത്തി. ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇരുവരേടും മിന്നുകെട്ട് നടക്കേണ്ട പള്ളിയിലായിരുന്നു ജെന്‍സന്റെ ചേതനയറ്റ ശരീരം എത്തിയത്. വിവാഹപന്തല്‍ ഉയരേണ്ട പള്ളിയങ്കണത്തില്‍ തന്നെ ജെന്‍സന്റെ മൃതദേഹം എത്തിയത് നാടിനു വിങ്ങലായി.  പത്തു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഓണത്തിന് വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കുകയായിരുന്നു. 

എല്ലാ പ്രാര്‍ഥനകളും നിഷ്ഫലമായിപ്പോയ ദിവസമായിരുന്നു ഇന്നലെ. നാടിനെയൊന്നാകെ തീരാ ദുഃഖത്തിലേക്ക് തള്ളിയിട്ട് ജെന്‍സന്‍ യാത്രയാകുകയായിരുന്നു. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കു കാണാന്‍ രാത്രിയോടെ ശ്രുതിയെത്തി. വാക്കും നോക്കും കൊണ്ട് ആശ്വസിപ്പിക്കാനാവാതെ ഒരു നാട് തേങ്ങി. ഉറ്റവരായി ഇനി ആരുമില്ലെന്ന ശ്രുതിയുടെ കണ്ണീരിന് എന്താശ്വാസമാണ് പകരാനാവുക. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഓണത്തിനു ശേഷം വിവാഹം നടക്കാനിരിക്കെയാണ് നെഞ്ചു തകര്‍ത്ത് ജെന്‍സന്‍റെ മടക്കം. 

ഇനിയൊരു ദുരന്തത്തിനും ശ്രുതിയെ വിട്ടുകൊടുക്കില്ലെന്ന് ഉറ്റവരെ ഉരുളെടുത്തുപോയ ദുരന്തഭൂമിയില്‍ വച്ച് ജെന്‍സന്‍ ശ്രുതിക്ക് വാക്കു കൊടുത്തതാണ്. പക്ഷേ വിധി വീണ്ടും വില്ലന്‍ വേഷത്തിലെത്തി. മഹാദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പതുപേരെയാണ് നഷ്ടമായത്. സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം പക്ഷേ ഉരുള്‍പൊട്ടലും പിന്നാലെയുണ്ടായ വാഹനാപകടവും ഇരുവരെയും വേര്‍പിരിച്ചു.

പ്രതിശ്രുത വരൻ ജെൻസന്റെ മരണവിവരം ശ്രുതിയെ ബന്ധുക്കള്‍ അറിയിച്ചു. ജെൻസൻ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയിൽ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചു ശ്രുതിയെ ജെൻസനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രുതിയെ, മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിവൈകാരിക രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്.