കെ–ഫോൺ പദ്ധതി കരാറിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. പദ്ധതിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ടെൻഡർ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
കെ.ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് ചട്ടം ലംഘിച്ചുള്ള കരാറും ക്രമക്കേടുകളും നടന്നുവെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു വി.ഡി.സതീശന്റെ ആവശ്യം. പദ്ധതി നടത്തിപ്പിനുള്ള കരാറുകള്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളവർക്ക് നിയന്ത്രണമുള്ള കമ്പനികള്‍ക്കാണ് അനുവദിച്ചത് എന്നും ഹര്‍ജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളിൽ സിബിഐയെ അന്വേഷണം വേണമെന്നുമുള്ളത് ഈ ഘട്ടത്തിൽ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് ലഭ്യമാകുമ്പോൾ നിയമസഭയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും പരിശോധിക്കും. ശേഷം ഉചിതമായ നടപടിക്ക് അവസരമുണ്ട് എന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ല എന്നാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സിഎജി റിപ്പോർട്ട് വന്നതിനുശേഷം ഹർജി പരിഗണിച്ചാൽ പോരെ എന്ന് കോടതി ആരാഞ്ഞിരുന്നു. ഹർജിയിലുള്ളത് പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്നും കോടതി പരാമർശിച്ചിരുന്നു