ലൈഫ് ഭവന പദ്ധതിയില്‍ തുക അനുവദിച്ചിട്ടും, സാങ്കേതിക തടസം പറഞ്ഞ് വീട് നിഷേധിക്കപ്പെട്ട കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ബാബുരാജിന്‍റെ കുടുംബത്തിന് ഒടുവില്‍ വീടാകുന്നു. ഇവരുടെ ദുരിതജീവിതം മനോരമ ന്യൂസിലൂടെ പുറത്തുവന്നതോടെയാണ് കേന്ദ്രമന്ത്രി സുരേഷ്ഗോപിയും സേവാഭാരതിയും ചേര്‍ന്ന് വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചത്. വീടിന്‍റെ കല്ലിടലിന് ഇന്നലെ തുടക്കമായി.
രണ്ട് മാസം മുന്‍പ് ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡിലിരുന്നുകൊണ്ടാണ് കൂലിപ്പണിക്കാരനായ ബാബുരാജും ഭാര്യയും ആ ദുരിതജീവിതം വിവരിച്ചത്. ഇന്ന് അതെല്ലാം ഒരു പാഴ്ക്കിനാവ് പോലെ തോന്നുകയാണ്. എല്ലാം വളരെ പെട്ടന്ന് മാറിമറിഞ്ഞു. സാങ്കേതിക തടസങ്ങളെല്ലാം നീങ്ങി.
കല്ലിടല്‍ കര്‍മം ഭംഗിയായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി സുരേഷ്ഗോപിയും സേവാഭാരതിയും ചേര്‍ന്നാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. നിര്‍മാണം തുടങ്ങിയാല്‍ ആറുമാസത്തിനകം കയറി താമസിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. നിലവില്‍ രണ്ട് പെണ്‍മക്കളുമായി സമീപത്തെ ബന്ധുവീട്ടിലാണ് താമസം.