vimukthi-programme
  • 8 വര്‍ഷത്തിനിടെ ചെലവഴിച്ചത് 56 കോടി
  • മദ്യവിൽപന അനുദിനം വർധിക്കുന്നു
  • വിമുക്തി നേടിയവരുടെ കണക്കുകള്‍ ലഭ്യമല്ല

കോടികൾ ചിലവഴിച്ചിട്ടും എങ്ങുമെത്താതെ സംസ്ഥാന സർക്കാരിന്റെ വിമുക്തി പദ്ധതി. കഴിഞ്ഞ എട്ടു വർഷത്തിനിടെ 56 കോടിയേറെ രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ ചിലവഴിച്ചത്. ലഹരി മുക്ത പരിപാടിക്കായി ഇത്രയേറെ പണം ചെലവഴിച്ചിട്ടും  മദ്യവിൽപന അനുദിനം വർധിക്കുന്നത് പദ്ധതി പരാജയം ആണെന്നതിന്റെ തെളിവാണെന്നാണ് ആരോപണം ഉയരുന്നത്.

 

ലഹരി ഉപയോഗത്തിന്റെ ആരോഗ്യ-സാമൂഹ്യ പ്രത്യാഘാതങ്ങളെപ്പറ്റി യുവാക്കൾക്ക് അവബോധം നൽകാനാരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് 'വിമുക്തി'. 2016 ൽ ആരംഭിച്ച പദ്ധതിക്കായി ഇതുവരെ 56.36 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടുള്ളതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പറയുന്നത്. എന്നാൽ ഇത്രയും തുക ചെലവഴിച്ചിട്ടും സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിൽ എന്തെങ്കിലും കുറവുണ്ടായോ എന്ന് പരിശോധിക്കുമ്പോഴാണ് പദ്ധതിയുടെ പരാജയം വ്യക്തമാകുന്നത്. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനുശേഷമുള്ള ആദ്യം മൂന്ന് സാമ്പത്തികവർഷം മദ്യത്തിൽ നിന്നുള്ള നികുതി വരുമാനം 40,306 കോടി രൂപയാണെന്ന കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഓരോ വർഷവും വിൽക്കുന്ന മദ്യത്തിന്റെ അളവിലും വർധനയുണ്ട്. പ്രതിദിന മദ്യവിൽപന ശരാശരി 6 ലക്ഷം ലീറ്ററിലേക്ക് എത്തിയെന്നാണ് കണക്കുകൾ. ഇതുതന്നെയാണ് വിമുക്തി പദ്ധതിയുടെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിമുക്തിയുടെ ഡീ അഡിക്ഷൻ സെന്‍ററുകൾ വഴി ഇതുവരെ 1,25,619 പേർ ചികിത്സ തേടിയിട്ടുണ്ടെന്നാണ് കണക്കുകൾ. എന്നാൽ എത്രപേർ ലഹരി വിമുക്തി നേടിയെന്നതിന്‍റെ ക്രോഡീകരിച്ച കണക്കുകൾ എക്സൈസ് വകുപ്പിൽ ലഭ്യമല്ല. മദ്യലഭ്യതയിൽ കുറവ് വരുത്താതെ ഇത്തരം പദ്ധതികളിലൂടെ സമൂഹത്തിലെ മദ്യാസക്തി കുറയ്ക്കാം എന്നത് നടക്കാത്ത കാര്യമാണെന്നാണ്  കണക്കുകളിലൂടെ വ്യക്തമാകുന്നത്.

ENGLISH SUMMARY:

The anti-drug awareness program 'Vimukthi,' launched by the Kerala government, has been deemed unsuccessful. Despite an expenditure of around Rs 56 crore over eight years, the sale and consumption of alcohol have continued to rise.