തങ്ങളുടെ നാട്ടിലേക്ക് അതിഥികളായെത്തിയ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വയനാട് കുന്നമ്പറ്റക്കാർ ഗംഭീരമായൊരു ഓണസംഗമം നടത്തി. കുടുംബശ്രീ അമ്മമാരുടെ ഓണ സദ്യയും പൂക്കളവും ഓണസമ്മാനവുമൊക്കെയൊരുക്കിയ സംഗമം. എല്ലാ ആഘോഷ ദിവസവും നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്ന സന്ദേശമായിരുന്നു സംഗമം.
മേപ്പാടി കുന്നമ്പറ്റയിലെ പ്രദേശവാസികളാണ് തങ്ങളുടെ നാട്ടിലേക്ക് അതിഥികളായെത്തിയ മുണ്ടകൈകാർക്കും ചൂരൽ മലക്കാർക്കും ഓണ വിരുന്നൊരുക്കിയത്. അതിജീവനത്തിന്റെ ഓണക്കാലം ഒന്നിച്ചാഘോഷിച്ചത്
മുണ്ടകൈ, ചൂരൽമല, അട്ടമല ഭാഗങ്ങളിൽ നിന്നായി മുപ്പതിലധികം കുടുംബങ്ങളാണ് കുന്നമ്പറ്റയിലെ വിവിധ വാടക വീടുകളിലുള്ളത്. എല്ലാവരെയും ഒരുമിച്ചിരുത്തി പൂക്കളമൊരുക്കി, ഒന്നിച്ചിരുന്ന് സദ്യ ഉണ്ടു. ദുരന്തത്തിനു ശേഷം വീടുകളിൽ തനിച്ചായവർ എല്ലാവർക്കുമൊപ്പം സന്തോഷിച്ചു
ഉരുളെടുത്ത നാട്ടിലെ ഓണം ഒരു ഉൽസവമായിരുന്നു. അതിനി തിരികെ കിട്ടില്ലെന്നത് എല്ലാവരെയും സങ്കടപ്പെടുത്തുന്നുണ്ട്. എന്നാലും ഈ ഓണക്കാലം ഓരോരുത്തരും സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണ്..
നാട്ടിലെത്തിയ പുതിയ അതിഥികൾക്ക് ഓണസമ്മാനവും കൈമാറി. ഏത് ആഘോഷവും ഒരുമിച്ചാഘോഷിക്കാൻ ഞങ്ങളൊക്കെ കൂടെയുണ്ടെന്നറിയിച്ചാണ് ഓണസംഗമം അവസാനിച്ചത്.