nipah-testing

മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിള്‍ ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടപടി തുടങ്ങി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  കണ്‍ട്രോള്‍ റൂം തുറന്നു, നമ്പര്‍: 0483 2732010, 0483 2732050 . അതേ സമയം കണ്ടെയ്ന്‍​മെന്‍റ് സോണുകളായി പ്രഖ്യാപിച്ച 5 വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തു. 

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍. ഈ മേഖലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ മാത്രമേ പ്രവര്‍ത്തിക്കാവു. സ്കൂളുകളും കോളജുകളും അംഗന്‍വാടികളും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. പ്രദേശത്തെ നബിദിന റാലികള്‍ മാറ്റിവയ്ക്കണെന്നും ജില്ല ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പര്‍ക്കമുളളവരേയും പനി ബാധിച്ചവരേയും കണ്ടെത്താന്‍ ഒട്ടേറെ സംഘങ്ങളായി തിരിഞ്ഞുളള ആരോഗ്യവകുപ്പ് സര്‍വേ പുരോഗമിക്കുകയാണ്.

മലപ്പുറം ജില്ലയിലാകെ മാസ്ക് നിര്‍ബന്ധമാക്കിയതിനൊപ്പം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും കൂടി ചേരലുകള്‍ കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പനിയും ഛര്‍ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമുണ്ടെങ്കില്‍ സ്വയം ചികില്‍സിക്കാതെ ഡോക്ടര്‍മാരെ കാണണമെന്നും നിര്‍ദേശമുണ്ട്.

ENGLISH SUMMARY:

Samples were collected from ten people with Nipah symptoms in Malappuram. The health department has informed that they will be tested at the Kozhikode lab