bike-accident-tvm

TOPICS COVERED

തിരുവോണ ദിനത്തില്‍ തലസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളില്‍ അ‍ഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം . വര്‍ക്കലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. അമിത വേഗവും ഒരു ബൈക്കിന്  ഹെഡ് ലൈറ്റ് ഇല്ലാതിരുന്നതും അപകടത്തിന്‍റെ ആക്കം കൂട്ടി. 

ഓണാഘോഷ ദിവസം 5 കുടുംബങ്ങളാണ് കണ്ണീരിൽ മുങ്ങിയത്. വർക്കല കുരക്കണ്ണിയിൽ ഞായറാഴ്ച രാത്രി പതിനൊന്നേകാലോടെയാണ് അമിത വേഗത്തിലെത്തിയ രണ്ടു ബൈക്കുകൾ നിയന്തണം വിട്ട് കൂട്ടിയിടിച്ചത്. കരിപ്പുറം സ്വദേശികളായ ആനന്ദബോസ്, ആദിത്യന്‍,  വര്‍ക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് തല്ക്ഷണം മരിച്ചത്. പുന്നമൂട് ഭാഗത്ത് നിന്ന് വന്ന ബൈക്കിൽ രണ്ട് പേരും എതിർദിശയിൽ വന്ന ബൈക്കിൽ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. പുന്നമൂട് ഭാഗത്ത് നിന്നു വന്ന ബൈക്കിന് ഹെഡ് ലൈറ്റ് പോലുമുണ്ടായിരുനില്ലെന്നാണ് വിവരം. രണ്ട് ബൈക്കുകളെ ഓവർ ടേക്ക് ചെയ്ത് എതിർ ദിശയിൽ വന്ന ബൈക്കിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. തോട്ടു മുഖം സ്വദേശി സനോജ് ജനാർദ്ദനപുരം സ്വദേശി വിഷ്ണു എന്നിവർ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലാണ്. 

 

മംഗലപുരം ശാസ്തവട്ടത്ത് ഓണോഘോഷ പരിപാടിയിലേക്കാണ്  ബൈക്ക് ഇടിച്ചു കയറിയത്.  മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് ശാസ്തവട്ടം സ്വദേശി സിജുവിനെ ഇടിച്ചിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്നത് പെരുങ്ങുഴി സ്വദേശി റോഷന്‍ രാജാണ്. റോഷനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചാണ് അപകടം.  

ഇൻഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചായിരുന്നു മറ്റൊരു അപകടം. ബൈക്ക് ഓടിച്ചിരുന്ന പൗണ്ട്കടവ് സ്വദേശി അനുരാജ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Five youths died in road accidents in the capital on Thiruvona day