കോഴിക്കോട് കൊയിലാണ്ടിയില്‍ പൊലീസിനു നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. എസ്.ഐ അബ്ദുല്‍ റക്കീബിന് പരുക്കേറ്റു. ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. സിപിഒമാരായ പ്രവീണ്‍, നിഖില്‍ എന്നിവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യപസംഘം പൊലീസിന് നേരെ തട്ടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഇന്നലെ രാത്രി എട്ടരയോടെയാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച് ബാറില്‍ ബഹളം വച്ചത്. ഇത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു പൊലീസ് സംഘം. ആനന്ദ് ബാബു, അശ്വിന്‍ ബാബു, മനുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. മദ്യപസംഘത്തെ ബാറില്‍ നിന്ന് പുറത്തിറക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നതിനിടെ മദ്യപസംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. അതേസമയം ഇവരെത്തിയ വാഹനങ്ങളടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.