aswathy-and-infant-death

കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം തീരാവേദനയാകുകയാണ്. സുഖപ്രസവത്തിന്‍റെ എണ്ണം തികയ്ക്കാനായി ഡോക്ടര്‍ വാശിപിടിച്ചതാണ് അമ്മയുടെയും കുഞ്ഞിന്‍റെയും ജീവനെടുക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സിസേറിയന്‍ വൈകിപ്പിച്ചതോടെ ഗര്‍ഭപാത്രം പൊട്ടി കുഞ്ഞും അടുത്തദിവസം അമ്മ അശ്വതിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. 

‘ഓപ്പറേഷന്‍ ചെയ്യാനായി എന്‍റെ കുഞ്ഞ് എത്രയോവട്ടം പറഞ്ഞതാണ്, അവര് കേട്ടില്ല. ഞാന്‍ മരിച്ചുപോകും അമ്മേ എന്നെ ഓപ്പറേഷന്‍ ചെയ്യെന്ന് കരഞ്ഞുപറഞ്ഞതാണ്’ എന്ന് അലമുറയിട്ടാണ് അശ്വതിയുടെ അമ്മ കണ്ണീരോടെ പറയുന്നത്. ‘ആദ്യത്തേത് സുഖപ്രസവം ആയതുകൊണ്ടാണ് രണ്ടാമതും അതിനായി ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കുഞ്ഞ് മരിച്ചിട്ട് എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് അശ്വതിയ്ക്ക് നടത്തിയത്. രക്തസ്രാവം നില്‍ക്കാനും മറ്റുമായിരുന്നു ഇത്’ എന്ന് മറ്റൊരു ബന്ധുവും പറഞ്ഞു.

പ്രസവത്തിനായി കയറ്റിയതിനു ശേഷം അശ്വതിയെ കണ്ടാല്‍ തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് മറ്റൊരു ബന്ധുവും പ്രതികരിച്ചു. ‘അവളെ കാണുന്ന സമയത്ത് കണ്ണൊക്കെ തള്ളി, ശരീരം നന്നായി വീര്‍ത്തിട്ട്, കറുത്തിട്ടായിരുന്നു കിടന്നത്. അവളെ കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കിടന്നിരുന്നത്. ഡോക്ടറോട് ചോദിച്ചപ്പോള്‍ മരുന്നിന്‍റെ റിയാക്ഷന്‍ കാരണമാണെന്ന് പറഞ്ഞു’ എന്നാണ് അശ്വതിയുടെ ബന്ധുവായ യുവതി പറയുന്നത്.

 

സുഖപ്രസവത്തിന്റ എണ്ണം തികയ്ക്കാന്‍ വേണ്ടി ഡോക്ടര്‍ ശസ്ത്രക്രിയ വൈകിച്ചതാണ് ‌മരണത്തിന് കാരണമെന്നു തന്നെയാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയുടെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ഏഴാം തീയതിയാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെ തുടര്‍ന്ന് മരുന്ന് കുത്തിവെച്ചു. തുടര്‍ന്ന് അമിതമായ വേദന വന്നെങ്കിലും സുഖപ്രസവം നടന്നില്ല. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ കുടുംബം ആവശ്യപ്പെട്ടെങ്കിലും സുഖപ്രസവത്തിനായി കാത്തിരിക്കണമെന്ന് ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.

പ്രസവം വൈകിയതോടെ ആശുപത്രി മാറ്റാന്‍ അശ്വതി തന്നെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്റ ഉറപ്പ്.

ENGLISH SUMMARY:

Cesarean section was denied, infant and mother dies. Relatives allegues the doctor for not taking care two lives.