k-fon

TOPICS COVERED

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ  ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതില്‍ കെ ഫോണിനെ വലച്ച് തദ്ദേശസ്വയംഭരണ വകുപ്പ്.  തദ്ദേശവകുപ്പ് നല്‍കിയ കുടുംബങ്ങളുടെ പട്ടികയിലെ അവ്യക്തത, കണക്ഷന്‍ നല്‍കുന്നതില്‍ കെ ഫോണിന് തിരിച്ചടിയായി. ഇതോടെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനുള്ള പട്ടിക തയാറാക്കാന്‍ സിവില്‍ സപ്ലൈസിന്‍റെ സഹായം തേടിയിരിക്കുകയാണ് കെ ഫോണ്‍. 

 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് കെ ഫോണ്‍ വഴി സൗജന്യ ഇന്‍ര്‍നെറ്റ് എന്നതായിരുന്നു കെ ഫോണ്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ ഉറപ്പ്.  മൂപ്പത്തയ്യായിരം കിലോമീറ്റര്‍ ഒപ്റിക്കല്‍ ഫൈബര്‍ കേബിളും വലിച്ചുകഴിഞ്ഞു. പക്ഷെ ഇതുവരെയും ദാരിദ്ര്യ രേഖക്ക് താഴെയുള്ള 5,222 പേര്‍ക്ക് മാത്രമേ കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടൊള്ളൂ. 

തദ്ദേശവകുപ്പ് നല്‍കിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പട്ടികയാണ് കെ ഫോണിന് തിരിച്ചടിയായത്.  കൃത്യമായ അഡ്രസില്ലാതെ പേരും സ്ഥലവും മാത്രം നല്‍കിയതോടെ  ഇത് ആരെന്ന് കണ്ടുപിടിക്കാന്‍ കഴിയാതെ കെ ഫോണ്‍ കുഴഞ്ഞു. ഇതോടെ കണക്ഷന്‍ നല്‍കുന്നതും താളംതെറ്റി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ ഇനി സിവില്‍ സ്പ്ലൈസിന്‍റെ സഹായം  തേടിയിരിക്കുകയാണ് കെ ഫോണ്‍.  

റേഷന്‍കാര്‍ഡുകള്‍ വഴി പിന്നോക്കക്കാരെ കണ്ടെത്തി ഇന്‍ര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഇതിനോടകം 56,000 കണക്ഷന്‍ ആണ് ആകെ സംസ്ഥാനത്ത് നല്‍കിയത്.  ഇത് ഡിസംബറില്‍ ഒരു ലക്ഷമാക്കുകയാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്.  ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ സാമ്പത്തകമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ എത്രയിടത്ത് കണക്ഷന്‍ എത്തിക്കും എന്നത് പ്രധാനമാണ്.

ENGLISH SUMMARY:

K Fon seek support from civil supplies to give connection to economically backward