വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം കഴിഞ്ഞ് 51 ദിവസമായിട്ടും കേന്ദ്രസര്‍ക്കാരിന്‍റെ സഹായം ലഭിച്ചിട്ടില്ല. 1202 കോടിയുടെ ഒന്നാംഘട്ട സഹായമാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും ഇതിന്‍റെ പകുതി തുകപോലും കിട്ടാന്‍ സാധ്യതയില്ല. പുനരധിവാസത്തിന് പ്രത്യേക നിവേദനം നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
മുണ്ടകൈ, ചൂരല്‍മല, പുഞ്ചിരിമറ്റം പ്രദേശങ്ങളെ ആകെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ കഴിഞ്ഞിട്ട് 51 ദിവസം കഴിഞ്ഞു. ദുതന്തപ്രദേശത്തെത്തിയ പ്രധാനമന്ത്രി കേരളത്തിന് നല്‍കിയ ഉറപ്പ് ഇതാണ്. 1202 കോടി രൂപയുടെ ധനസഹായമാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. കേരളം ആവശ്യപ്പെട്ട തുക പെരുപ്പിച്ചുകാണിച്ചതാണോ എന്ന ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും കേന്ദ്ര സഹായം കിട്ടിയിട്ടില്ലെന്ന യാഥാര്‍ഥ്യം ബാക്കിയാവുകയാണ്.
ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിലുണ്ടായ നഷ്ടം, ദുരന്തപ്രതികരണം, നിവാരണം എന്നിവക്ക് ചെലവായ തുകയുടെ കണക്കാണ് ഇപ്പോള്‍ കേന്ദ്രത്തിന് നല്‍കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രതീക്ഷിക്കപ്പെടുന്ന ചെലവുകളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പിറകെ ഉദ്യോഗസ്ഥരുടെ സംഘവും വയനാട്ടിലെത്തി. പക്ഷെ മാസം രണ്ട് ആകാറായിട്ടും എത്ര തുക കേന്ദ്ര സഹായമായി കിട്ടും എന്നോ എന്നു കിട്ടുമെന്നോ വ്യക്തമല്ല. സംസ്ഥാനം എത്രതുക ആവശ്യപ്പെട്ടാലും അതിന്‍റെ മൂന്നിലൊന്നോ നാലിലൊന്നോ മാത്രം നല്‍കുകയാണ് കേന്ദ്രത്തിന്‍റെ രീതി. 2018ലെ പ്രളയയകാലത്ത് ആദ്യഘട്ട തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനത്തിനും 271 കോടി ചോദിച്ചപ്പോള്‍ കിട്ടിയത് വെറും 70 കോടി. അതേ രീതി ഇപ്പോഴും തുടരുമോ എന്നതാണ് കേരളത്തിന്‍റെ ആശങ്ക.