പുണെയില്‍ മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്‍ പേരയിലിന് ജോലിസ്ഥലത്ത് നേരിടേണ്ടി വന്നത് ദുരിതമാണെന്ന് വെളിപ്പെടുത്തി സുഹൃത്ത് രംഗത്ത്. 16 മണിക്കൂറോളം ജോലി ചെയ്യേണ്ട സാഹചര്യമായിരുന്നു അന്നയ്ക്ക്. ടീമിലുള്ളവര്‍ തീര്‍ത്തും മനുഷ്യത്വരഹിതമായാണ് പെരുമാറിയത് എന്ന് അന്നയുടെ സുഹൃത്ത് ആന്‍ പറഞ്ഞു. ഒന്നെങ്കില്‍ ടീമിലുള്ളവര്‍ മാറണം, അല്ലെങ്കില്‍ താന്‍ സ്ഥലംമാറ്റും വാങ്ങും എന്ന തീരുമാനത്തിലായിരുന്നു അന്നയെന്നും ആനിന്‍റെ വെളിപ്പെടുത്തല്‍.
അവസാനമായി അന്നയുമായി സംസാരിക്കുന്നത് അത്താഴം കഴിക്കുമ്പോഴായിരുന്നു. അഞ്ചു മിനിറ്റേ സംസാരിക്കാന്‍ സമയമുള്ളൂ. ഇത് കഴിഞ്ഞാലുടനെ മറ്റൊരു മീറ്റിങ് ഉണ്ട്, രാത്രി വൈകും എന്ന് അന്ന പറഞ്ഞിരുന്നതായി ആന്‍. ‘അഞ്ചു മിനിറ്റിനകം ഭക്ഷണമെങ്കിലും കഴിക്കണം. ഇവിടെ കിടന്ന് മരിക്കാതിരുന്നാല്‍ മതിയാരുന്നു. ജോലിഭാരം അത്രത്തോളമാണെന്ന് അന്ന പറഞ്ഞിരുന്നു.
16 മണിക്കൂറോളം ജോലി ചെയ്യേണ്ട സാഹചര്യം. നാലോ– അഞ്ചോ മണിക്കൂറാണ് അന്നയ്ക്ക് ഉറങ്ങാന്‍ പറ്റിയിരുന്നത്. കമ്പനിയില്‍ വച്ച് ഒരിക്കല്‍ വയ്യാതെയായി. അതുകഴിഞ്ഞ് പിറ്റേദിവസം അവധിപോലും കൊടുത്തില്ല. മനുഷ്യത്വപരമായി പെരുമാറുന്ന ടീമല്ലായിരുന്നു അവളുടേത്. ടീം മാനേജരും അസിസ്റ്റന്‍റ് മാനേജരും അങ്ങനെയുള്ളവരാണ്. അന്നയ്ക്ക് ജോലിഭാരം കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിന് ചികിത്സ തേടണമെങ്കിലും സമയം വേണമല്ലോ, അവള്‍ക്ക് അതാണോ ഇല്ലാതിരുന്നതും.
ഉറങ്ങാന്‍ പോലും സമയമില്ലാതെ അവള്‍ ജോലി ചെയ്തു. ഓഗസ്റ്റില്‍ എന്തായാലും ഒരു ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണം എന്ന് അവള്‍ പറഞ്ഞിരുന്നു. ഒന്നെങ്കില്‍ ടീം അംഗങ്ങള്‍ മാറണം, ഇല്ലെങ്കില്‍ കൊച്ചിയിലേക്ക് സ്ഥലമാറ്റം വാങ്ങിപ്പോകണം എന്നാണ് അന്ന പറഞ്ഞിരുന്നത്. അന്ന ഇവിടെ തന്നെ തുടരാനാണ് തീരുമാനമെടുക്കുന്നതെങ്കില്‍ അതില്‍ നിന്ന് മാതാപിതാക്കളും സുഹൃത്തുക്കളും എങ്ങനെയും അവളെ പിന്തിരിപ്പിച്ചേനെ’ എന്നും ആന്‍ പറയുന്നു.
കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആറുപേര്‍ കടുത്ത ജോലി സമ്മര്‍ദം തങ്ങാനാകാതെ രാജിവച്ചിരുന്നു. അന്നയുടെ മാനേജറുടെ സമീപനം അസഹനീയമായിരുവെന്ന് അന്നയുടെ പിതാവ് സിബി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. അന്നയുടെ അമ്മ കമ്പനി മേധാവിമാര്‍ക്ക് കത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നത് തൊഴില്‍ പീഡനം സഹിക്കാന്‍ കഴിയാത്ത ജീവനക്കാര്‍ വഴിയാകാമെന്നും സിബി വ്യക്തമാക്കി.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയിരുന്ന അന്ന സെബാസ്റ്റ്യന്‍ മരണത്തിന് കീഴടങ്ങിയത് അമിത ജോലിഭാരം മൂലമുണ്ടായ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് പുറംലോകം അറിഞ്ഞത് അമ്മ അനിത അഗസ്റ്റിന്‍ അന്നയുടെ കമ്പനി മേധാവിമാര്‍ക്ക് അയച്ച വൈകാരികമായ കത്തില്‍ നിന്നാണ്. എന്നാല്‍ കത്ത് അയച്ച കാര്യമോ, അതിന്‍റെ ഉള്ളടക്കമോ അന്നയുടെ കുടുംബം പുറത്തുവിട്ടിട്ടില്ല. എങ്കില്‍ പിന്നെ ആര്? എന്ന ചോദ്യം നിര്‍ണായകമാണ്. തൊഴില്‍ പീഡനം പുറലോകം അറിയണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ ആരോ ആണ് വിവരം പുറത്തുവിട്ടതെന്നാണ് അന്നയുടെ കുടുംബത്തിന്‍റെ നിഗമനം.