എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായുള്ള വിജിലൻസ് അന്വേഷണം വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ട് നടത്തും. എ.ഡി.ജി.പിയെക്കാൾ ഉയർന്ന റാങ്കിൽ വിജിലൻസിൽ ഉള്ളത് ഡി.ജി.പിയായ യോഗേഷ് ഗുപ്ത മാത്രമാണ്. അതുകൊണ്ടാണ് അന്വേഷണ ചുമതല നേരിട്ട് ഏറ്റെടുക്കാൻ വിജിലൻസ് ഡയറക്ടർ തീരുമാനിച്ചത്. ഐ.ജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേകസംഘം ഇന്ന് രൂപീകരിക്കും.
കേസെടുക്കാതെയുള്ള പ്രാഥമിക പരിശോധനയാവും ആദ്യഘട്ടത്തിൽ നടത്തുക. ഡി.ജി.പിയുടെ ശുപാർശയിലുള്ള അഞ്ചു കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മലപ്പുറം എസ്.പി ക്യാമ്പ് ഓഫീസിലെ മരം മുറി, മലപ്പുറത്തെ സ്വർണ്ണ വേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ കെട്ടിട നിർമ്മാണം, ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരായ കേസ് അട്ടിമറിക്കാൻ കൈക്കൂലി, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം എന്നിവയാണ് അന്വേഷണ വിഷയങ്ങൾ.
വിജിലൻസ് അന്വേഷണവും തുടങ്ങിയതോടെ എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണം എന്ന് ആവശ്യം ശക്തമായിട്ടുണ്ട്. അജിത് കുമാറിനെ കൂടാതെ എസ്.പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ട്.