pv-anwar-2

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടു മുന്‍പ് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എഡിജിപി എംആര്‍ അജിത്കുമാറിനേയും കടന്നാക്രമിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. സര്‍ക്കാരിനെ ചീഞ്ഞ അവസ്ഥയിലെത്തിച്ചത് പി. ശശിയാണന്നും അദ്ദേഹത്തിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പരിശോധിക്കണമെന്നും പി.വി. അന്‍വര്‍ മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എഡിജിപി. എം.ആര്‍. അജിത്കുമാര്‍ ഗുരുതരമായ പുതിയ അഴിമതി ആരോപണങ്ങളും ഉന്നയിച്ചു.

 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് 2 മണിക്കൂര്‍ മുന്‍പെ പ്രസ് മീറ്റ് വിളിച്ചായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പേര് എടുത്തു പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെ ഉന്നമിട്ടുളള പി.വി. അന്‍വറിന്‍റെ ആക്രമണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പി. ശശി മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുളള ബന്ധത്തിന് തടസമാവുകയാണ്. ഷാജന്‍ സ്കറിയക്കെതിരെയുളള പരാതി ഒത്തു തീര്‍പ്പാക്കാന്‍ എംആര്‍ അജിത്കുമാറിന്‍ പണം കിട്ടിയുണ്ട്. പി.ശശിക്ക് എന്തെങ്കിലും കിട്ടിയോ എന്നറിയില്ല.

 

സോളര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതിന് ലഭിച്ച കൈക്കൂലികൊണ്ട് എംആര്‍ അജിത് കുമാര്‍ മണക്കാട് 33 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങി. 10 ദിവസം കൊണ്ട് മറ്റൊരാള്‍ക്ക് 65 ലക്ഷം രൂപയ്ക്ക് മറിച്ചുകൊടുത്തു. റജിസ്ട്രേഷന്‍ ഫീസിനത്തിലും 40,7000 രൂപയുടെ തട്ടിപ്പു നടത്തി. എഡിജിപിയുടെ 2015 മുതലുളള ആദായനികുതി രേഖകള്‍ പരിശോധിക്കണം.  

കോഴിക്കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ മാമിയുടെ കയ്യില്‍ എം.ആര്‍. അജിത് കുമാറിന്‍റെ പണമുളളതായി സംശയമുണ്ട്. സര്‍ക്കാര്‍ അറിഞ്ഞും അറിയാതെയും എംആര്‍ അജിത്കുമാര്‍ ഒട്ടേറെ വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാരിനെ രേഖ മൂലം അറിയിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമല്ല എംആര്‍ അജിത് കുമാറിന്‍റെ യാത്രയെന്നും വിശദമായ അന്വേഷണം വേണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

P. Sasi brought the government to a rotten state; pv anwar against p sasi