pinarayi-vijayan-04

പാർട്ടി സമ്മേനങ്ങൾ തുടങ്ങിയിരിക്കെ പാർട്ടിയിലെ എതിരാളികളുടെ മുനയൊടിക്കുകയാണ് അൻവറിന് നൽകുന്ന മറുപടിയിലൂടെ മുഖ്യമന്ത്രി. അൻവറിന് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ മൗനപിൻതുണ നൽകുന്നുവെന്ന് കരുതുമ്പോഴാണ്  പി.ശശിയെ ലക്ഷ്യമിട്ട് ആരും കച്ചമുറുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സൂചന നൽകുന്നത്. പാർട്ടി സമ്മേളനങ്ങളിൽ  വിഭാഗീയതക്ക് നിൽക്കേണ്ടെന്നും പാർട്ടിയിൽ  ആരും തല്ക്കാലം  തനിക്ക് മുകളിൽ വളരാൻ നോക്കേണ്ടെന്നും ഓർമിപ്പിക്കുന്നതാണ് പിണറായിയുടെ ശരീരഭാഷ.

 

പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ്  എഡിജിപി എം ആർ അജിത്കുമാറിനെയും അതുവഴി പി ശശിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലക്ഷ്യമിട്ട്  പി വി അൻവർ അസ്ത്രങ്ങൾ തൊടുത്തത്.  ഈ അസ്ത്രങ്ങൾ തൊടുക്കാൻ അൻവറിന് കരുത്ത് പകർന്നത്  മുഖ്യമന്ത്രിക്കെതിരെയും പി ശശിക്കെതിരെയും മുഹമ്മദ് റിയാസിനെതിരെയും രൂപപ്പെടുന്ന പാർട്ടിയിലെ പുതിയ ചേരിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന സംസ്ഥാന സമ്മേളനത്തിൽ പി ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് തടയിടുകയാണ് എതിർചേരിയുടെ ലക്ഷ്യം.  ഇതിന് ആരും കച്ചമുറുക്കി ഇറങ്ങേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് ശശിക്ക് വേണ്ടി മുഖ്യമന്ത്രി തീർക്കുന്ന  കവചം. 

പി വി അൻവറിന്റെ സമീപനത്തിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തന്നെ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.  ശശിയുടെ പ്രഖ്യാപിത എതിരാളിയായ പി ജയരാജനും എറണാകുളത്ത് നിന്നും കണ്ണൂരിൽ നിന്നുമുള്ള മറ്റ് ചില നേതാക്കളും ശശിയെ ലക്ഷ്യമിടുന്നുണ്ട്.  ശശിക്ക് മുഖ്യമന്ത്രി  സംരക്ഷണം പരസ്യമായി പ്രഖ്യാപിക്കുകയും  അൻവറിനെ തള്ളുകയും ചെയ്തതോടെ അൻവർ പാർട്ടിക്ക് നൽകിയിരിക്കുന്ന പരാതിയുടെ ഗതിയും ഏറെക്കുറെ വ്യക്തമാവുകയാണ്.  വരുന്ന സംസ്ഥാന സമ്മേളനത്തിൽ പി ശശി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി  സംസ്ഥാന സെക്രട്ടറിയായലോ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലെത്തിയാലോ അത്ഭതുപ്പടേണ്ടതില്ല.