മൂവാറ്റുപുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിന്റെ മകന്‍.കസ്റ്റഡിയില്‍. മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.എ. അമീറിന്‍റെ മകന്‍ ഹാരിസിനെയാണ് മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹാരിസിന്‍റെ മകനെ കളിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതാനായിട്ടായിരുന്നു ഭീഷണി.
മാറാടി മിലന്‍ ക്ലബ് സംഘടിപ്പിച്ച അണ്ടര്‍ സെവന്‍റീന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിനിടെയായിരുന്നു സംഭവം. വടിവാളുമായെത്തി ഭീഷണി മുഴക്കിയ ഹാരിസിന്‍റെ മകനും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. മത്സരത്തിനിടെ ഫൗള്‍ ചെയ്തതിന് ഹാരിസിന്റെ മകന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. ഗ്രൗണ്ട് വിടാന്‍ മടിച്ചതോടെ മറ്റ് ടീമംഗങ്ങളും സംഘാടകരും ഇടപ്പെട്ടു. രൂക്ഷമായ വാക്കുതര്‍ക്കവും കയ്യാങ്കളിയുടെ വക്കോളമെത്തി. ഇതിന് പിന്നാലെയാണ് ഹാരിസും മറ്റ് മൂന്ന് പേരും വടിവാളുമായി ഗ്രൗണ്ടിലെത്തിയത്. മകനെ അക്രമിച്ചതാരെന്ന ചോദ്യവുമായി ആക്രോശം. വടിവാളുമായി ഹാരിസ് ഭീഷണിമുഴക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
ക്ലബിന്‍റെ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയടക്കം ഭീഷണിപ്പെടുത്തിയ ഹാരിസിനെതിരെ ക്ലബ് ഭാരവാഹികളും പരാതി നല്‍കി. ആംസ് ആക്ടിന് പുറമെ ഭീഷണിമുഴക്കിയതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഹാരിസിനോടൊപ്പമെത്തിയ മറ്റ് മൂന്നുപേര്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.