arun-murder

TOPICS COVERED

കൊല്ലത്ത് പത്തൊൻപതു വയസുകാരനെ പെണ്‍സുഹൃത്തിന്റെ അച്ഛന്‍ കുത്തിക്കൊന്നത് ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം സ്വദേശി അരുണിന്റെ കൊലപാതകത്തില്‍ ജാതിമത കാര്യങ്ങൾ കാരണമായില്ല. അരുണും മകളുമായുളള പ്രണയം വിലക്കിയിട്ടും തുടർന്നതാണ് വിരോധമായത്. അറസ്റ്റിലായ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രസാദിനെ കോടതി റിമാന്‍ഡ് ചെയ്തു.

 

പത്തൊന്‍പതു വയസുളള അരുണും പതിനെട്ടുവയസുളള പ്രസാദിന്റെ മകളും തമ്മില്‍ എട്ടാംക്ളാസില്‍ തുടങ്ങിയ പ്രണയം. ഒടുവില്‍ അരുണിന്റെ ജീവനെടുത്തത് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രസാദ്. ഏറെനാളായി തര്‍ക്കവും ഭീഷണിയും പൊലീസ് സ്റ്റേഷനില്‍ പരാതിയുമൊക്കെയായി നീറിപ്പുകഞ്ഞതാണ്. കൊലപാതകം നടന്ന വെളളിയാഴ്ച മദ്യലഹരിയില്‍ പ്രസാദ് അരുണിനെ കൊല്ലം നഗരത്തിലെ ഇരട്ടക്കടയിലെ പ്രസാദിന്റെ ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തി. മകളെ കൂട്ടിക്കൊണ്ടുപോകു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞായിരുന്നു വിളിച്ചുവരുത്തിയത്. 

വീട്ടിലെത്തിയ അരുണും പ്രസാദും തമ്മില്‍ അടിപിടിയുണ്ടായി. ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് അരുണിനെ കുത്തി. ശ്വാസകോശത്തില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ ജാതിമത കാര്യങ്ങളെച്ചൊല്ലി തര്‍ക്കമൊന്നും ഉണ്ടായിട്ടില്ലെന്നും ദുരഭിമാനക്കൊലയല്ലെന്നും പൊലീസ് വ്യക്തമാക്കി.

              

അരുണുമായുള്ള സംഘര്‍ഷത്തില്‍ പ്രസാദിന്റെ പല്ലും കൊഴിഞ്ഞിരുന്നു. ഇരവിപുരം സ്വദേശികളാണ് കൊല്ലപ്പെട്ട അരുണും അറസ്റ്റിലായ പ്രസാദും. 

ENGLISH SUMMARY:

The police have stated that the murder of the 19-year-old in Kollam by his girlfriend's father is not an honor killing.