ADGP എം.ആര്‍.അജിത്കുമാറിനെതിരെയുള്ള വിജിലന്‍സ് പരിശോധന നാളെ ആരംഭിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്ക്കെതിരെയുള്ള എസ്.പിയുടെ അന്വേഷണത്തില്‍ വെല്ലുവിളികളേറെയാണ്. ആറുമാസത്തിനകം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
അന്വേഷണം വേണമെന്ന ഡിജിപിയുടെ ആവശ്യത്തിനു ദിവസങ്ങളെടുത്താണ് മുഖ്യമന്ത്രി സമ്മതം മൂളിയത്. ഉത്തരവെത്തി ടീമിനെ നിയോഗിച്ചപ്പോള്‍ എ.ഡി.ജി.പിക്കെതിരെയുള്ള അന്വേഷണത്തിനു എസ്.പി തലവന്‍. പൊലീസിലെ ഏറ്റവും ഉയര്‍ന്ന ശ്രണിയിലുള്ള ഉദ്യോഗസ്ഥനെ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എങ്ങനെ ചോദ്യം ചെയ്യുമെന്നു പേലും പൊലീസില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ടു അന്വേഷിക്കുമെന്നായിരുന്നു സൂചന. എസ്.പി , കെ.എല്‍. ജോണ്‍കുട്ടിയാണ് പ്രത്യേക അന്വേഷണ സംഘ തലവന്‍. ഡി.വൈ.എസ്.പി ഷിബു പാപ്പച്ചന്‍, ഇന്‍സ്പെക്ടര്‍മാരായ കെ.വി.അഭിലാഷ്, കിരണ്‍ എന്നിവര്‍ സംഘത്തിലുണ്ട്.
അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം,കള്ളക്കടത്ത് സ്വര്‍ണം പിടിയ്ക്കുന്നതിലെ തട്ടിപ്പ്, കേസ് ഒതുക്കിയതിനു വന്‍ തുക കൈക്കൂലി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. എന്നാല്‍ കള്ളക്കടത്ത് സ്വര്‍ണം പിടിയ്ക്കുന്നതിലടക്കം നേരിട്ടു പരിശോധിച്ച് ആരോപണം തെറ്റാണെന്നു ബോധ്യപ്പെട്ടെന്നായിരുന്നു ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്മീറ്റില്‍ പറഞ്ഞത്.
അതിനുശേഷം നടക്കുന്ന അന്വേഷണത്തില്‍ എങ്ങനെ മറ്റൊരു നിഗമനത്തിലേക്ക് എങ്ങനെയെത്തുമെന്നതും വെല്ലുവിളിയാണ്.പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ മാത്രമേ കേസെടുത്തുള്ള അന്വേഷണത്തിലേക്ക് കടക്കുകയുള്ളു.