സഹോദരി ആശയെ ചിലര്‍ കരുവാക്കിയെന്ന് എം.എം.ലോറന്‍സിന്റെ മകന്‍ എം.എല്‍.സജീവന്‍. ഇതിനു പിന്നില്‍ സംഘപരിവാറില്‍ ചിലരുടെ വൃത്തികേടാണ്. മൃതദേഹത്തിലൂടെയും എം.എം.ലോറന്‍സ് പോരാട്ടം കാഴ്ചവച്ചു. താന്‍ ഇത്തരം കാര്യങ്ങളില്‍ ഇന്നേവരെ പ്രതികരിച്ചിരുന്നില്ലെന്നും എം.എല്‍.സജീവന്‍ പറഞ്ഞു
എന്നാല്‍ ടൗണ്‍ഹാളില്‍ ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കിയെന്നാണ് മകള്‍ ആശയുടെ നിലപാട്. തന്നെയും മകനെയും ചവിട്ടി. സഖാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമിച്ചത്. താന്‍ പ്രതികരിച്ചത് വനിത പ്രവര്‍ത്തക ദേഹോപദ്രവം ഏല്‍പ്പിച്ചപ്പോഴാണ്. ആക്രമിച്ച ഒരാളെ അറിയാം. അവര്‍ സി.പി.എമ്മുകാരിയെന്നും ആശ ലോറന്‍സ് പറഞ്ഞു.
ലോറന്‍സിന്റെ അന്ത്യയാത്ര ചടങ്ങിലേത് കുടുംബപ്രശ്നമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഗൗരവമായി എടുക്കേണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
അവസാനനിമിഷം കോടതി ഇടപെടലും വൈകാരിക രംഗങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പഠനാവശ്യത്തിന് നല്‍കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് മകള്‍ ആശ ലോറന്‍സാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണമെന്നും തര്‍ക്കമുള്ളപക്ഷം അനാട്ടമി നിയമപ്രകാരം പ്രിന്‍സിപ്പല്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനുപിന്നാലെ ടൗണ്‍ഹാളില്‍ പ്രവര്‍ത്തകര്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നതിനെ ലോറന്‍സിന്റെ മകള്‍ ആശ ചോദ്യം ചെയ്തതോടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഏറെനേരം മൃതദേഹപേടകത്തിന് സമീപം നിലയുറപ്പിച്ച ആശയെ നീക്കാനുള്ള ശ്രമം മകന്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിലെത്തി. ബഹളത്തിനിടയില്‍ ആശ നിലത്തുവീണത് സാഹചര്യം കൂടുതല്‍ വഷളാക്കി. ഇതിനിടയിലൂടെയാണ് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് നീക്കിയത്.