കാട്ടുപന്നി ആക്രമണത്തില്‍ സാരമായി പരുക്കേറ്റ് ചികില്‍സയിലുള്ള യുവാവിന് ഒന്നര മാസത്തിന് ശേഷം മനോരമ ന്യൂസ് വാര്‍ത്തയിലൂടെ വനംവകുപ്പിന്‍റെ സഹായം. പാലക്കാട് മലമ്പുഴ സ്വദേശി സതീഷ് കുമാറിനെ വാളയാര്‍ റേഞ്ച് ഓഫിസര്‍ വീട്ടിലെത്തിക്കണ്ട് മുഴുവന്‍ സഹായവും ഉറപ്പ് നല്‍കി. ചികില്‍സയ്ക്ക് വേണ്ട മുഴുവന്‍ തുകയും അനുവദിക്കാന്‍ വനംമന്ത്രി നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സതീഷ് കുമാറിനെ കാട്ടുപന്നി കുത്തി വീഴ്ത്തിയതോടെ മൂന്നംഗ കുടുംബം തീര്‍ത്തും നിസഹായരായി. കൂലിപ്പണിക്കാരനായ സതീഷ് ഒരുമാസത്തിലേറെ ആശുപത്രിയില്‍. വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ചികില്‍സയ്ക്കും നിത്യവൃത്തിക്കുള്ള വഴിയും കണ്ടെത്താനാവാത്ത സ്ഥിതി. വനംവകുപ്പിന്‍റെ സഹായമെത്താത്തതും ഒറ്റമുറി വീട്ടിലെ കുടുംബത്തിന്‍റെ ദൈന്യതയും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെ വനംമന്ത്രി ഇടപെട്ടു. വാളയാര്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സതീഷിനെത്തേടി വീട്ടിലെത്തി. ആരോഗ്യം വീണ്ടെടുക്കാനുള്ള മുഴുവന്‍ സഹായവും ഉറപ്പ് നല്‍കി.
ഇടപെടാന്‍ വൈകിയതിന്റെ കാരണവും സതീഷിന് ചികില്‍സാ സഹായം അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി പാലക്കാട് ഡിഎഫ്ഒ വനംമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. അപേക്ഷ സ്വീകരിച്ച് അടുത്തദിവസം തന്നെ ആദ്യഘട്ട സഹായം കൈമാറുമെന്നും അറിയിച്ചു. ജീവിതം വഴിമുട്ടിയെന്ന് കരുതിയിടത്ത് നിന്നും സതീഷ് കുമാറിനും കുടുംബത്തിനും വീണ്ടും പ്രതീക്ഷ.