എറണാകുളം വടക്കൻ പറവൂരിൽ വാഹന ചാർജിങ് കേന്ദ്രത്തിലെ യന്ത്രത്തിൽ നിന്ന് യുവതിക്ക് ഷോക്കേറ്റു. പറവൂർ നഗരസഭ മുൻ കൗൺസിലർ കെ.എൽ.സ്വപ്നക്കാണ് ഷോക്കേറ്റത്. തെറിച്ചുവീണ സ്വപ്നയുടെ കയ്യിലും കാലിലും പൊള്ളലേറ്റു
കെഎസ്ഇബിയുടെ മന്നം സബ് സ്‌റ്റേഷന് സമീപമുള്ള വാഹന ചാർജിങ് കേന്ദ്രത്തിലെ മെഷീനിൽ നിന്നാണ് സ്വപ്നക്ക് ഷോക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് അപകടം. വിവാഹ ശേഷം പത്തനംതിട്ടയിൽ സ്‌ഥിരതാമസമാക്കിയ സ്വപ്‌ന അവിടേക്ക് പോകുന്നതിനു മുൻപായി കാർ ചാർജ് ചെയ്യാനാണ് ചാർജിങ് കേന്ദ്രത്തിൽ എത്തിയത്. കാറിൽ 59 ശതമാനം ചാർജ് കയറിയപ്പോൾ മെഷീൻ പ്രവർത്തനരഹിതമായി. വൈദ്യുതി ബന്ധം നിലച്ചതാണെന്ന് കരുതി അൽപനേരം കാത്തുനിന്നിട്ടും വീണ്ടും പ്രവർത്തിക്കാതിരുന്നതിനാൽ കാറിൻ്റെ കണക്‌ടറിൽ നിന്നു പ്ലഗ് വിച്‌ഛേദിച്ച ശേഷം മെഷീനിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്.
തെറിച്ചുവീണ സ്വപ്നയുടെ വലതു കയ്യിലെ തള്ളവിരലിനും ഇടതു കാലിലും പൊള്ളലേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെത്തുടർന്ന് ചാർജിങ് കേന്ദ്രം താൽക്കാലികമായി അടച്ചു. 2022ൽ സ്‌ഥാപിച്ച മെഷീനിൽ നിന്ന് ഇത്തരമൊരു സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും, മെഷീൻ സ്‌ഥാപിച്ച ടയറക്സ് കമ്പനിയുടെ ഉദ്യോഗസ്‌ഥരും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വിഭാഗം ഉദ്യോഗസ്‌ഥരും വിശദമായ പരിശോധന നടത്തുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.