hema

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവച്ച ഭാഗം പുറത്തുവിടില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍. ലൈംഗിക അതിക്രമങ്ങള്‍ അടക്കം വിശദീകരിക്കുന്ന ഈ ഭാഗം നല്‍കാനാകില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സാംസ്ക്കാരിക വകുപ്പിന്‍റെ മറുപടി. പരസ്യപ്പെടുത്താന്‍ തടസമില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയ ഭാഗമാണ് സ്വകാര്യതയെ ബാധിക്കുമെന്ന് വാദിച്ച് സാംസ്ക്കാരിക വകുപ്പ് ഒളിച്ചുകളിക്കുന്നത്.

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 97 മുതല്‍ 108വരെയുള്ള ഖണ്ഡികകള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് രഹസ്യമായി സൂക്ഷിക്കുന്നു? ആരെ സംരക്ഷിക്കാന്‍? പരസ്യപ്പെടുത്താന്‍ തടസമില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയ ഈ ഭാഗം സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ അതിലുണ്ടായിരുന്നില്ല.  97 മുതല്‍ 108വരെയുള്ള ഖണ്ഡികകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ അപേക്ഷയ്ക്കും നിഷേധാത്മക സമീപനമാണ് സാംസ്ക്കാരിക വകുപ്പിന്‍റെ ഭാഗത്തുനിന്നുള്ളത്. റിപ്പോര്‍ട്ടിലെ 96 മത്തെ ഖണ്ഡികയും 165 മുതല്‍ 196വരെയുള്ള ഖണ്ഡികകളും അനുബന്ധവും ഒഴികെ ബാക്കിയുള്ളത് പുറത്തുവിടാമെന്നാണ് വിവരാവകാശ കമ്മിഷന്‍ ജൂലൈ 5ന് വ്യക്തമാക്കിയത്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ ഏതാണെന്ന് തീരുമാനിച്ച് പട്ടികയുണ്ടാക്കി അപേക്ഷകര്‍ക്ക് നല്‍കണമെന്നും അത് കൊടുക്കരുതെന്നും കമ്മിഷന്‍ വിധിയിലുണ്ടായിരുന്നു. ഇത് അനുസരിച്ച് സാംസ്ക്കാരിക വകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒാഫീസര്‍ തയ്യാറാക്കിയ പട്ടികയില്‍ റിപ്പാര്‍ട്ടിലെ 97 മുതല്‍ 108വരെയുള്ള ഖണ്ഡികകള്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലില്ല. ഈ ഭാഗം പരസ്യപ്പെടുത്തുന്നതിന് തടസങ്ങളില്ലെന്ന് വ്യക്തം. വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ടുള്ള ഭാഗങ്ങളുള്ളതിനാല്‍ ഈ ഭാഗം നല്‍കാനാകില്ലെന്നാണ് സാംസ്ക്കാരിക വകുപ്പ് ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നല്‍കിയ മറുപടി. ലൈംഗിക അതിക്രമങ്ങള്‍ അടക്കമുള്ള സംഭവങ്ങളുടെ വിശദാംശങ്ങളാണ് ഈ ഭാഗത്തുള്ളതെന്നാണ് സൂചന. അതിജീവിതകളുടെയും മൊഴി നല്‍കിയവരുടെയും സ്വകാര്യതയെ ബാധിക്കാത്തതാണെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയ ഈ ഭാഗം എന്തുകൊണ്ട് പൂഴ്ത്തിവച്ച് സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. 97 മുതല്‍ 108വരെയുള്ള ഖണ്ഡികകള്‍ പുറത്തുവിടാമെന്ന സാംസ്ക്കാരിക വകുപ്പിന്‍റെ മുന്‍നിലപാടില്‍ നിന്നുള്ള മലക്കംമറിച്ചില്‍ കൂടിയാണിത്. 

ENGLISH SUMMARY:

The government is of the stand that it will not release the hoarded part of the Hema committee report