dgp-against-adgp-in-pooram
  • 'മേൽനോട്ടത്തിൽ വീഴ്ച'
  • അജിത് കുമാറിന്‍റെ ‌വീഴ്ചകൾ എഴുതിച്ചേര്‍ത്ത് ഡിജിപി
  • സ്വയം ക്ലീൻചിറ്റ് നേടാനുള്ള അജിത് കുമാറിന്‍റെ നീക്കത്തിന് തിരിച്ചടി

തൃശൂർ പൂരം കലക്കലിനെക്കുറിച്ചുള്ള സ്വന്തം അന്വേഷണത്തിലൂടെ സ്വയം കുറ്റവിമുക്തനാകാനുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ നീക്കത്തിന് തടയിട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. മുഖ്യമന്ത്രിക്ക് കൈമാറിയ പൂരം റിപ്പോർട്ടിൽ നിർദേശങ്ങൾക്ക് ഒപ്പം എഡിജിപിയുടെ വീഴ്ചകൾ അക്കമിട്ട് എഴുതി ചേർത്തു. പൂരം അലങ്കോലപ്പെട്ടത് അറിഞ്ഞിട്ടും അജിത് കുമാർ ഇടപെട്ടില്ലന്നും അന്വേഷണം മാസങ്ങളോളം വൈകിപ്പിച്ചെന്നും കുറ്റപ്പെടുത്തൽ. എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

 

മുഖ്യമന്ത്രിക്ക് കൈമാറിയ പൂരം അന്വേഷണ റിപ്പോർട്ട് എഡിജിപിക്കെതിരായ കുറ്റപത്രമാക്കി മാറ്റിയിരിക്കുകയാണ് ഡിജിപി. റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയ തന്‍റെ നിർദേശങ്ങളുടെ കൂടെ അജിത് കുമാറിന്‍റെ നാല് വീഴ്ചകളാണ് ഡിജിപി എഴുതി ചേർത്തത്. 1) പൂരം മേൽനോട്ടത്തിനായി തൃശൂരിലേക്ക് അയച്ചിട്ടും കൃത്യമായ മേൽനോട്ടം നടത്തിയില്ല. 2) പൂരം മുടങ്ങുന്ന സാഹചര്യം അറിഞ്ഞിട്ടും തൃശൂരിലുണ്ടായിരുന്ന എഡിജിപി നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ല. 3) പൂരത്തിന് രണ്ട് ദിവസം മുൻപെത്തി പൊലീസ് മുൻകൂട്ടി തയാറാക്കി വെച്ച സുരക്ഷാ ക്രമീകരണങ്ങൾ അടിമുടി മാറ്റി ആശയക്കുഴപ്പം സൃഷ്ടിച്ചു. 4) ഒരാഴ്ചകൊണ്ട് തീർക്കേണ്ട അന്വേഷണം അനുമതി കൂടാതെ മാസങ്ങളോളം വൈകിപ്പിച്ച് അനാവശ്യവിവാദത്തിനിടയാക്കി. Also Read: പൂരംകലക്കലില്‍ എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീഴ്ചകളൊക്കെ ചൂണ്ടിക്കാട്ടിയ ശേഷമാണ് പൂരം കലങ്ങിയതിൽ ആസൂത്രിത നീക്കമുണ്ടോയെന്ന് കണ്ടെത്താൻ തുടരന്വേഷണമാണ് ഉചിതമെന്ന അഭിപ്രായവും ഡിജിപി രേഖപെടുത്തുന്നു. ഡിജിപിയുടെ ഈ വിലയിരുത്തലുകൾ കൂടി ചേർത്താണ് മുഖ്യമന്ത്രി റിപ്പോർട്ട് പരിശോധിക്കുന്നത്. ഡിജിപി ഒരു കീഴുദ്യോഗസ്ഥന്‍റെ വീഴ്ച ചൂണ്ടിക്കാട്ടിയാൽ നടപടി എടുക്കുകയാണ് പതിവ്. അതിനാൽ സ്വയം ക്ലീൻചിറ്റ് നേടാനുള്ള അജിത് കുമാറിന്‍റെ നീക്കത്തിനും എഡിജിപിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനും തിരിച്ചടിയാണ് ഡിജിപിയുടെ ഇടപെടൽ. 

അതേസമയം എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടി എടുത്താല്‍ മതിയെന്നാണ് റിപ്പോര്‍ട്ട് പരിശോധിച്ച മുഖ്യമന്ത്രിയുടെ നിർദേശം. തിരുവമ്പാടി ദേവസ്വത്തെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു എഡിജിപി എം.ആർ.അജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ട്. പൂരം കലക്കാൻ രാഷ്ട്രീയതാൽപര്യമുള്ള ആസൂത്രിത നീക്കം ഉണ്ടായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അതിനാൽ,ഗൂഢാലോചന കണ്ടെത്താൻ തുടരന്വേഷണം വേണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. ഇതിലാണ് സർക്കാർ നിയമോപദേശം തേടുന്നത്

ENGLISH SUMMARY:

DGP Sheikh Darvesh Sahib blocked ADGP M.R. Ajith Kumar's attempt to exonerate himself through his own investigation into the Thrissur Pooram incident. Ajith Kumar did not intervene, despite knowing that the issues. The DGP has pointed out the ADGP's failures in handling the situation.