manaf-arjun

അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ തന്റെ ഉറപ്പ് സത്യമായെന്ന് പ്രതികരിച്ച് ലോറി ഉടമ മനാഫ്. അര്‍ജുന്‍ കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തിനോട് പറഞ്ഞിരുന്നു. വണ്ടി എനിക്ക് വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്ന് മനാഫ്. വണ്ടി കിട്ടാന്‍ മാത്രമാണ് തന്റെ ശ്രമമെന്നു വരെ പ്രചരിപ്പിച്ചെന്നും മനാഫ് മനോരമ ന്യൂസിനോട് പറഞ്ഞു. 

'അര്‍ജുനെ അവന്‍റെ മകന്‍റെയടുത്ത് എത്തിക്കണമെന്നത് എന്‍റെ ആഗ്രഹവും വാശിയുമായിരുന്നു. അവന്‍റെ അച്ഛന് ഞാന്‍ കൊടുത്ത വാക്കാണ് അവനെയും കൊണ്ടെ വരൂ എന്നത് അത് ഞാന്‍ പാലിച്ചു. അതിന്‍റെ ഉള്ളില്‍ അവനുണ്ട്, ആദ്യമേ ഞാന്‍ പറഞ്ഞതാണ്. അത്രമാത്രം പരിക്കൊന്നും ഉണ്ടാകില്ല. എല്ലാവരോടും ഞാന്‍ പറഞ്ഞതാ അവന്‍ അതിന്‍റെയുള്ളില്‍ ഉണ്ടെന്ന്'.   ALSO READ: ഷിരൂരില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തി; ഉള്ളില്‍ മൃതദേഹം

'അര്‍ജുന് എന്‍റെമേല്‍ ഒരു വിശ്വാസമുണ്ട് എന്ത് പറ്റിയാലും അവനെ ഞാന്‍ അവന്‍റെ വീട്ടില്‍ എത്തിക്കുമെന്ന്. ആ വാക്ക് ഞാന്‍ പാലിച്ചു. അവനെ ഞാന്‍ അവന്‍റെ വീട്ടില്‍ എത്തിക്കും. ഇതിന്‍റെ പിന്നില്‍ ഞാന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. പലരും പലതും പറഞ്ഞു. വണ്ടി കിട്ടാനാണ്, അര്‍ജുനെ കിട്ടാനല്ല എന്നൊക്കെ. ഇപ്പോ ഞാന്‍ പറയാ ആ വണ്ടി പൊന്തിച്ച് അവനെ അവിടെ നിന്ന് എടുത്തിട്ട് ആ വണ്ടി അവിടെ തന്നെ ഇട്ടേക്ക്. എനിക്ക് ആ മരവും വണ്ടിയും ഒന്നും  വേണ്ട. അവനെ ആ വണ്ടിയില്‍ നിന്ന് എങ്ങനെ ഇറക്കണമെന്നാണ് ആലോചിക്കുന്നത.്  ആ വണ്ടി ഇനി വേണ്ട അവനെ മാത്രം മതി. ബാക്കിയെല്ലാം പിന്നെ നോക്കാം'. 

 

'ഇനി ഞാന്‍ മുട്ടാത്ത വാതിലുകളില്ല. പല ആളുകളോടും ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്തായാലും ഇതില്‍ നിന്ന് പിന്നോട്ട് പോകില്ലായിരുന്നു. ദൈവം സഹായിച്ച് അവനെ ഇന്ന് കിട്ടി'.- മനാഫ് പറഞ്ഞു നിര്‍ത്തി.