തനിക്ക് ഇന്ന് മുതൽ മക്കൾ മൂന്നല്ല നാലെന്ന് അർജുൻ ഓടിച്ചിരിരുന്ന ലോറിയുടെ ഉടമ മനാഫ് മനോരമ ന്യൂസിനോട്. അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തും. അർജുന്റെ മാതാപിതാക്കൾക്ക്  ഇനിയുള്ള കാലം മകനായി കൂടെയുണ്ടാകും. കഴിഞ്ഞ 72ദിവസങ്ങളായി ഷിരൂരിൽ തിരച്ചിലിനായി അലയുമ്പോൾ കല്ലായിലെ തന്റെ സ്ഥാപനം മറ്റൊരാൾ കയ്യേറി മരമെല്ലാം വിറ്റുവെന്നും മനാഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും. പുഴയില്‍ കണ്ടെത്തിയ ട്രക്ക് രാവിലെ എട്ട് മണിയോടെ ഉയർത്തി ദേശീയപാതയിൽ എത്തിക്കും. അർജുനൊപ്പം കാണാതായ കനകരാജ് , ലോകേഷ് എന്നിവർക്കായുള്ള തിരച്ചില്‍ തുടരും. ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തി.

Read Also: 'ഈ മനുഷ്യനെയാണ് ചീത്ത വിളിച്ചത്'; മനാഫിനെ ചേർത്തു പിടിച്ച് സോഷ്യൽ മീഡിയ

നാവികസേന പങ്കുവച്ച നിര്‍ണായക വിവരങ്ങളാണ് അര്‍ജുന്‍റെ ട്രക്ക് പുറത്തെടുത്തതില്‍ സഹായകമായത്. ട്രക്കിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭാഗത്തിന്‍റെ രേഖാചിത്രം നാവികസേന തിരച്ചില്‍ സംഘത്തിന് കൈമാറിയിരുന്നു. ഈ ചിത്രം അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. നാല് പോയന്‍റുകളില്‍ ദൗത്യസംഘം നടത്തിയ പരിശോധനയില്‍ കോണ്‍ടാക്ട് പോയന്‍റ് രണ്ടിലാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്. ലോറിയുടെ കാബിനിന്‍റെ ഉള്ളിലായിരുന്നു അര്‍ജുന്‍റെ മൃതദേഹം.

ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. കേരളത്തിന്‍റെ അഭ്യര്‍ഥനയോട് കര്‍ണാടക വേഗത്തില്‍ പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സതീഷ് കൃഷ്ണ സെയില്‍ എം.എല്‍.എയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തകന്‍ ഈശ്വർ മൽപെയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ആദ്യ ഘട്ടത്തിൽ പുഴയിൽ നിന്ന് പ്രതീക്ഷ നൽകുന്ന വിവരങ്ങൾ മുങ്ങിയെടുത്തത് ഈശ്വർ മൽപെയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് കുത്തൊഴുക്കുള്ള ​ഗം​ഗംഗാവലി പുഴയില്‍ ഈശ്വർ മൽപെ തിരച്ചിൽ നടത്തിയത്.

കുത്തൊഴുക്കുണ്ടായതിനാല്‍ നേവി വിലക്കിയിട്ടും ഈശ്വർ മൽപെ പുഴയിലേക്കിറങ്ങി. അർജുന് വേണ്ടിയും മറ്റ് രണ്ട് സഹോദരങ്ങൾക്ക് വേണ്ടിയും താഴെ ഇറങ്ങുന്നു എന്നും ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഈശ്വർ മാൽപെ പറഞ്ഞത്. പുഴയിലിറങ്ങുന്നത് സ്വന്തം റിസ്കിലെന്ന് എഴുതി കൊടുത്തിട്ടാണ് ഈശ്വർ മാൽപെ പരിശോധന നടത്തിയത്. ഈ തിരച്ചിലിലാണ് അർജുൻ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയത്. 30 കിലോയോളം വരുന്ന ജാക്കിയും കൊണ്ടാണ് മാൽപെ കരയ്ക്കുകയറിയത്. ഒരു വിവരവും ലഭിക്കാത്ത സമയത്ത് പ്രതീക്ഷയായിരുന്നു ഈശ്വർ മാൽപെയുടെ തിരച്ചിൽ.