ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എബി രാജേഷ് തോമസിനെ കാന്‍സറൊന്ന് പേടിപ്പിക്കുന്നത്. കാലിലെ വേദനയുടെ രൂപത്തിലായിരുന്നു  തുടക്കം. കുടുംബ സുഹൃത്ത് കൂടിയായ ഡോ. ബോബന്‍ തോമസിനെയാണ് ആദ്യം കണ്ടത്.  2017 ഒക്ടോബര്‍ ആറിന് രോഗം സ്ഥിരീകരിച്ചു. എബിക്ക് 'ഓസ്റ്റിയോ സാര്‍ക്കോമ'  എന്ന രോഗാവസ്ഥയാണെന്ന്. 

തുടയെല്ലിന്റെ താഴ്ഭാഗത്ത് മുഴ വളര്‍ന്നു. രോഗം ബാധിച്ച ഭാഗത്തെ അസ്ഥി മുറിച്ച് മാറ്റി പകരം കൃത്രിമ അസ്ഥി വച്ചു പിടിപ്പിക്കാമെന്ന അറിവാണ് ചികില്‍സയില്‍ വഴിത്തിരിവായത്. കാല്‍ വളരുന്നതിന് അനുസരിച്ച് പ്രത്യേക സംവിധാനത്തിലൂടെ  ഈ അസ്ഥിക്ക് നീളം വര്‍ധിപ്പിക്കുന്ന  സാങ്കേതിക വിദ്യയെക്കുറിച്ച് അറിഞ്ഞതോടെ ആ രീതിയില്‍ ചികില്‍സിക്കാന്‍ തീരുമാനിച്ചു. കീമോ തെറപ്പിയും മാര്‍ഗനിര്‍ദേശങ്ങളുമായി ഡോ ബോബനും ഒപ്പം നിന്നു. 

സര്‍ജറി നടത്തി. ആറ് മാസങ്ങളോളം എബി കാന്‍സറിനോട് പൊരുതി. ഒടുവില്‍ 2018 ഏപ്രില്‍ 28 ന് രോഗം ഭേദമായതായി സ്ഥിരീകരിച്ചു. തുടക്കത്തിലേ ശരിയായ രോഗാവസ്ഥ തിരിച്ചറിഞ്ഞതും ചികില്‍സയില്‍ സഹായിച്ചു. 

പിന്നെ പഠനത്തിന്‍റെ നാളുകള്‍. ഇതിനിടയില്‍ മറ്റൊന്നു കൂടി സംഭവിച്ചു. എന്‍ജിനീയറാകാന്‍ കൊതിച്ച  എബിക്ക് ഡോക്ടര്‍ ആകണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങി. രോഗകാലത്ത് സ്നേഹപൂര്‍വം പരിചരിച്ച ഡോക്ടര്‍മാരാണ് പ്രചോദനമായതെന്ന് എബി പറയുന്നു. നീറ്റില്‍ മികച്ച റാങ്ക് ലഭിച്ചതോടെ തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടി. ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കും.  കഴക്കൂട്ടം കലുങ്കില്‍ വീട്ടില്‍ രാജേഷിന്റേയും അധ്യാപികയായ ഷീബയുടേയും മകനാണ് എബി. മികച്ചൊരു ഡോക്ടറായി വേദന അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് താങ്ങും പ്രചോദനവും ആകണമെന്ന ആഗ്രഹം പങ്കുവയ്ക്കുകയാണ് എബി.

ENGLISH SUMMARY:

Doctors became turning point in Aby's life. From cancer patient to doctor Aby's life is a inspiration story