manaf-family

സൈബര്‍ ആക്രമണങ്ങള്‍ വേദനിപ്പിച്ചിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ലോറി ഉടമ മനാഫ് അര്‍ജുനായി പോരാടിയതെന്ന് മനാഫിന്‍റെ കുടുംബം. ഓരോ ഫോണ്‍ വിളികളിലും അര്‍ജുനെയും  കൊണ്ടേ തിരിച്ചുവരൂവെന്ന് മനാഫ് പറഞ്ഞിരുന്നുവെന്ന് കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. അപകടം അറിഞ്ഞയുടന്‍  മനാഫും സഹോദരന്‍ മുബീനും ഷിരൂരിലേക്ക് എത്തിയിരുന്നു. 

Read Also : അര്‍ജുന്‍റെ മകനെ സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്തും; ഇനി നാലു മക്കള്‍: മനാഫ്

മനാഫിന്റേത് ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ നിന്ന് പിന്‍മാറാത്ത പ്രകൃതമാണ്. കാബിനുള്ളില്‍ തന്നെ അര്‍ജുന്‍ ഉണ്ടെന്ന് മനാഫിന് ഉറപ്പായിരുന്നു. ഷിരൂരില്‍ മനാഫ് കരയുന്നത് കണ്ടപ്പോള്‍ വീട്ടിലിരുന്ന് ഞങ്ങളും കരഞ്ഞു. സ്വന്തം ബിസിനസ് പോലും നോക്കാതെയാണ് മനാഫും മുബീനും പ്രവര്‍ത്തിച്ചതെന്നും കുടുംബം പറഞ്ഞു. 

 

ഷിരൂരില്‍ നൊമ്പരക്കാഴ്ചയാകുകയാണ് അര്‍ജുന്‍റെ ലോറി. കാബിന്‍ പൊളിച്ചുള്ള പരിശോധനയില്‍ കണ്ടെടുത്തത് അര്‍ജുന്റെ കരുതലുകള്‍.  രണ്ട് ഫോണുകളും വസ്ത്രം നിറച്ച ബാഗും മകന്റെ കളിപ്പാട്ടവും കണ്ടുനിന്നവരുടെയും ഉള്ളുപൊള്ളിച്ചു. ഇതെല്ലാം തങ്ങള്‍ക്ക് വിലമതിക്കാനാകാത്ത സ്വത്തുക്കളാണെന്ന് സഹോദരന്‍ അഭിജിത്തും സഹോദരീഭര്‍ത്താവ് ജിതിനും മനോരമ ന്യൂസിനോട് പറഞ്ഞു

അർജുന്‍റെ ഡിഎൻഎ പരിശോധനാഫലം വരാനുള്ള കാത്തിരിപ്പിലാണ് കുടുംബം. പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെ കടന്നു പോകുമ്പോൾ കൂടെ നിന്നവരോടെല്ലാം നന്ദി ഉണ്ടെന്ന് അർജുന്റെ സഹോദരി പറഞ്ഞു. നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും . ഡിഎൻഎ പരിശോധന ഫലം വന്നാലുടൻ അർജുന് വീട്ടിലേക്കുള്ള അവസാന യാത്ര ആരംഭിക്കും. തിരച്ചിലിൽ അർജുന്റെ  കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും  നടപ്പാക്കിയ കർണാടക സർക്കാരിന് പ്രത്യക നന്ദി ഉണ്ടെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. മൃതദേഹം എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള വഴിയാണ് ആലോചിക്കുന്നതെന്നും എംപി പറഞ്ഞു.

 
ENGLISH SUMMARY:

2 phones, son’s toy truck among items recovered from Arjun’s lorry in Gangavali River